Thu. Mar 28th, 2024

വീണ്ടും കേരള കോൺഗ്രെസ്സുകൾ ലയനപാതയിൽ..??? ജോസഫിനു ജോസിനോടടുക്കണം; ഇടഞ്ഞ്‌ ജോസഫ് ഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ

By admin Jan 25, 2022 #jose k mani #p j joseph
Keralanewz.com

തിരുവനന്തപുരം : ജോസ്‌ കെ. മാണിയുടെ കേരളാ കോണ്‍ഗ്രസുമായി സഹകരണത്തിന്റെ തലങ്ങള്‍ തേടുകയാണു പി.ജെ. ജോസഫ്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട ജോസഫ്‌ ഗ്രൂപ്പിനു ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്ബു നില ശക്‌തിപ്പെടുത്തിയേ പറ്റൂ. ഇവര്‍ ഒരുമിക്കണമെന്നു കത്തോലിക്ക സഭ ആഗ്രഹിക്കുന്നുണ്ട്‌. തനിക്കൊപ്പമുള്ള മുതിര്‍ന്ന നേതാക്കളുടെ അതൃപ്‌തി മറികടക്കുകയാണു ജോസഫിനു മുന്നിലുള്ള ആദ്യ കടമ്ബ.


നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധിയുമാണു ജോസുമായി അടുക്കാന്‍ ജോസഫിനെ പ്രേരിപ്പിക്കുന്നത്‌. യു.ഡി.എഫിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടതും ശാരീരിക അസ്വസ്‌ഥതകള്‍ മൂലം പാര്‍ട്ടിയെ വേണ്ടരീതിയില്‍ നയിക്കാന്‍ കഴിയാത്തതും ഇതിനു കാരണങ്ങളായി. ഈ നിലയില്‍ പോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പാകുമ്ബോഴേക്കും പാര്‍ട്ടിക്കു നിലനില്‍പ്പുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ്‌ അദ്ദേഹം പുതിയ വഴി തേടുന്നത്‌.


കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനത്തെച്ചൊല്ലി അടിച്ചുപിരിഞ്ഞതിനു ശേഷം ജോസ്‌പക്ഷം ഇടതുപക്ഷത്ത്‌ കുടിയേറി നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കി. ഇരുവരും വേര്‍പിരിയുന്നതില്‍ കത്തോലിക്കാ സഭയ്‌ക്കു താല്‍പര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ സഭയുടെ നിലപാടുകള്‍ ഒറ്റക്കെട്ടായി ഉന്നയിക്കാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ ജോസും ജോസഫും ഒരുമിക്കണമെന്നാണു സഭയുടെ നിലപാട്‌.
ജോസുമായി യോജിക്കുകയാണെങ്കില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ്‌ ആവശ്യപ്പെടാമെന്നു ജോസഫ്‌ പ്രതീക്ഷിക്കുന്നു. യു.ഡി.എഫിലാണെങ്കില്‍ ഇടുക്കി സീറ്റ്‌ ലഭിക്കാനുള്ള സാധ്യതയില്ല
.


കോണ്‍ഗ്രസ്‌ സിറ്റിങ്‌ സീറ്റ്‌ വിട്ടുകൊടുക്കുമെന്ന്‌ ആശിക്കാനാകില്ല. ഇടതുമുന്നണിയിലാണെങ്കില്‍ കോട്ടയത്തിനു പുറമേ ഇടുക്കി കൂടി വാങ്ങിയെടുക്കാന്‍ കഴിയുമെന്നാണ്‌ ജോസഫ്‌ കണക്കുകൂട്ടുന്നത്‌. സി.പി.എമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയൂം കരുത്തുകൊണ്ട്‌ വിജയിക്കാനും കഴിഞ്ഞേക്കും.
നിലവില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്‌ഥാനം പോലുള്ള തര്‍ക്കങ്ങളില്ലാത്തതിനാല്‍ ഒരുമിക്കലിനോടു ജോസിന്‌ എതിര്‍പ്പുണ്ടാകാനിടയില്ല. ജോസഫിന്റെ രണ്ട്‌ എം.എല്‍.എമാര്‍ കൂടി വരികയാണെങ്കില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) കൂടുതല്‍ ശക്‌തമാകുകയും ചെയ്യും. അതുകൊണ്ട്‌ അവരുടെ ഭാഗത്തുനിന്നു തര്‍ക്കങ്ങള്‍ ഉണ്ടാകില്ലെന്നു വ്യക്‌തമായിട്ടുണ്ട്‌. കൂടിച്ചേരലിനുള്ള ചര്‍ച്ചകള്‍ ചില കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണു സൂചന. സഭയിലെ ചിലര്‍ അതിന്‌ മുന്‍കൈയെടുക്കുന്നുണ്ടെന്നും അറിയുന്നു
.


എന്നാല്‍ ജോസഫ്‌ ഗ്രൂപ്പില്‍ ഇക്കാര്യം തങ്ങളുമായി വിശദമായ ചര്‍ച്ചയ്‌ക്കു വിധേയമായിട്ടില്ലെന്നാണു മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്‌. പാര്‍ട്ടിയിലെ പല കാര്യങ്ങളും തങ്ങള്‍ അറിയുന്നില്ലെന്ന പരാതിയും അവര്‍ക്കുണ്ട്‌. പാര്‍ട്ടി ഒരു കോക്കസിന്റെ പിടിയിലാണെന്നും കിട്ടുന്നതെല്ലാം അവര്‍ വീതം വച്ചെടുക്കുകയാണെന്നും ആക്ഷേപമുണ്ട്‌. ഒരുകാലത്ത്‌ ജോസഫിന്റെ ഏറ്റവും വലിയ വിശ്വസ്‌തനായിരുന്ന ഫ്രാന്‍സിസ്‌ ജോര്‍ജ്‌ അടക്കമുള്ളവര്‍ കടുത്ത അതൃപ്‌തിയിലാണ്‌. ജോണി നെല്ലൂര്‍, ജോയി ഏബ്രഹാം എന്നിവരും നേതൃത്വവുമായി അത്ര അടുപ്പത്തിലല്ല. പാര്‍ട്ടിയില്‍ എന്തു ചര്‍ച്ചകള്‍ നടക്കുന്നുവെന്നുപോലും അറിയുന്നില്ലെന്നും ഇവര്‍ക്ക്‌ പരാതിയുണ്ട്‌.

Facebook Comments Box

By admin

Related Post