Fri. Mar 29th, 2024

ചിന്നക്കനാലില്‍ കാട്ടാനശല്യം രൂക്ഷം; വീടുകളും കൃഷിയിടങ്ങളും തകര്‍ത്തു

Keralanewz.com

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണം . ചിന്നക്കനാല്‍ വിലക്ക് മില്ലേനിയം കോളനിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഒറ്റയാന്റെറ ആക്രമണത്തില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു.

ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ക്ക് പരിക്കേറ്റു .

കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് മില്ലേനിയം കോളനിവാസിയായ തങ്കത്തിന്റെ വീടിന് നേരെ ആനയുടെ ആക്രമണം ഉണ്ടായത്. വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന ഷെഡ് പൂര്‍ണ്ണമായും കാട്ടാന തകര്‍ത്തു. ഷെഡിനുള്ളില്‍ ഉണ്ടായിരുന്ന ഉപകരണങ്ങളും നശിപ്പിച്ചു. വലിയ ശബ്ദം കേട്ട് തങ്കവും ഭാര്യയും വീടിനുള്ളില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

സമീപത്തായി ഹോം സ്റ്റേ നടത്തുന്ന അശോകന്‍ അത്ഭുതകരമായാണ് ആനയുടെ ആക്രണത്തില്‍ നിന്നും രക്ഷപെട്ടത്. ഹോം സ്റ്റേയുടെ സമീപം എത്തിയ ആന ഗേറ്റ് തകര്‍ത്ത ശേഷം തുമ്ബികൈ കൊണ്ട് അശോകനെ അടിയ്ക്കാന്‍ ശ്രമിച്ചു. ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട് ഓടുന്നതിനിടെയാണ് അശോകന് പരുക്കേറ്റത്.

ചിന്നക്കനാല്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായിട്ടും ആനകളെ ഉള്‍വനത്തിലേയ്ക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിയ്ക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഒറ്റയാനെ കൂടാതെ എട്ട് ആനകളടങ്ങുന്ന കാട്ടാന കൂട്ടം ദിവസങ്ങളായി മേഖലയില്‍ തമ്ബടിച്ചിരിക്കുകയാണ്. കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശമുണ്ടാക്കിയിട്ടും നാശനഷ്ടം വിലയിരുത്താന്‍ പോലും ഉദ്യോഗസ്ഥര്‍ എത്തുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Facebook Comments Box

By admin

Related Post