Thu. Mar 28th, 2024

വിക്ടര്‍ ജോര്‍ജ് നിലപാടുകളോടും കര്‍മ മേഖലയോടും നീതി പുലര്‍ത്തിയ വ്യക്തി; മന്ത്രി റോഷി അഗസ്റ്റിന്‍

By admin Jul 9, 2021 #news
Keralanewz.com

കോട്ടയം: നിലപാടുകളോടും കര്‍മ മേഖലയോടും നീതി പുലര്‍ത്തിയ വ്യക്തിയായിരുന്നു വിക്ടര്‍ ജോര്‍ജെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. വിക്ടര്‍ ജോര്‍ജിന്റെ ഇരുപതാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

പല ചരിത്ര സംഭവങ്ങളും വിക്ടര്‍ തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. തന്റെ നിലപാടുകളോടും കര്‍മ്മമേഖലയോടും നൂറ് ശതമാനവും നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രകൃതി, രാഷ്ട്രീയം, കായികം എന്നീ മേഖലകളില്‍ അദ്ദേഹം പകര്‍ത്തിയ പല ചിത്രങ്ങളും ഇന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ വിക്ടര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകൻ നിസാം സെയ്ദ് വിക്ടർ അനുസ്മരണ മുഖ്യപ്രഭാഷണം നടത്തി.

മാധ്യമ ഫോട്ടോഗ്രഫിയില്‍ തന്റെ മുന്‍ഗാമികളേക്കാള്‍ ഒരു പടികൂടി മുന്നില്‍ നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് വിക്ടറെന്നും വിടപറഞ്ഞ് രണ്ട് പതിറ്റാണ്ടിന് ശേഷവും ഈ രംഗത്ത് തിളങ്ങുന്ന നക്ഷത്രമായി അദ്ദേഹം ശോഭിക്കുന്നുവെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ സംരക്ഷണം ലഭിക്കണമെന്നും കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളികളാണ് മാധ്യമ പ്രവര്‍ത്തകരെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

ജീവിക്കുന്ന ചിത്രങ്ങള്‍ സമൂഹത്തിന് സമ്മാനിച്ച ഫോട്ടോഗ്രഫറായിരുന്നു വിക്ടര്‍ ജോര്‍ജെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. വിക്ടറിന്റെ ഓര്‍മകളും അദ്ദേഹത്തിന്റെ ചിത്രങ്ങളും സംരക്ഷിക്കുന്നതിനായി ഒരു മ്യൂസിയം ഉണ്ടാകുന്നത് നല്ലതാണെന്നും മോന്‍സ് പറഞ്ഞു. വിക്ടർ ജോർജിന്റെ കുടുംബാംഗങ്ങളും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് സനില്‍കുമാര്‍, ട്രഷറര്‍ ദിലീപ് പുരയ്ക്കല്‍ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. 2001 ജൂലൈ 9 ന് ഇടുക്കിയിലെ വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്റെ ചിത്രം പകർത്തുന്നതിനിടെയായിരുന്നു വിക്ടർ ജോർജ് ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്.

Facebook Comments Box

By admin

Related Post