മൂവാറ്റുപുഴ: പടുതാകുളം നിര്‍മാണത്തിനു സബ്‌സിഡി ലഭിക്കാന്‍ ശിപാര്‍ശക്കത്തിനു കൈക്കൂലി വാങ്ങിയെന്ന കേസില്‍ അറസ്‌റ്റിലായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിമാന്‍ഡില്‍. കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനിയേലിനെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്‌ജി പി.പി. സൈദലവി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടത്. വൈസ് പ്രസിഡന്റിനെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി
സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. മേഖല സെക്രട്ടറിയുമായ മാര്‍ട്ടിന്‍ കുര്യന്റെയും പിതാവിന്റെയും മേല്‍നോട്ടത്തില്‍ കനകപുരം നിരവുപാറ ഭാഗത്ത് പടുതാകുളം നിര്‍മിച്ചിരുന്നു. ഈ ഇനത്തില്‍ 1,20,000 രൂപയാണ് ഇവര്‍ക്ക് സബ്‌സിഡിയായി ലഭിക്കേണ്ടിയിരുന്നത്. വാര്‍ഡ് അംഗത്തിന്റെ ശിപാര്‍ശക്കത്ത് സബ്‌സിഡി ലഭിക്കാന്‍ ആവശ്യമായിരുന്നു. ഇതിനായി വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സമീപിച്ചപ്പോള്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണു പരാതി. ഉടന്‍ മാര്‍ട്ടിന്‍ വിജിലന്‍സ് സംഘത്തെ വിവരം ധരിപ്പിച്ചു. ഇവരുടെ നിര്‍ദേശപ്രകാരം ഫിനോഫ്‌തലിന്‍ പുരട്ടിയ പണം വൈസ് പ്രസിഡന്റിന് കൈമാറി. പിന്നാലെ വിജിലന്‍സ് ഉദ്യോഗസ്‌ഥര്‍ പഞ്ചായത്ത് ഓഫീസില്‍നിന്നു വൈസ് പ്രസിഡന്റിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.