കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പള്ളി രൂപത പ്രവാസി അപ്പസ്‌തോലേറ്റും കുവൈറ്റിലെ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി വിവിധ പ്രവാസിക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാഞ്ഞിരപ്പള്ളി രൂപത പ്രവാസി അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ എസ്എംസിഎ കുവൈറ്റുമായി സംഘടിപ്പിച്ച വെബ് കോണ്‍ഫറന്‍സില്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ മുഖ്യാതിഥിയായിരുന്നു. കോവിഡ് 19 മൂലം ജീവിത പ്രതിസന്ധിയിലായിരിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി രൂപതയുടെ വിവിധ സംവിധാനങ്ങള്‍ വളരെ സജീവമാണെന്നും പൊതുസമൂഹമൊന്നാകെ പരസ്പരം സഹായിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കേണ്ട ഈ സന്ദര്‍ഭത്തില്‍ പ്രവാസജീവിതത്തിലെ പ്രതിസന്ധിയില്‍ നാട്ടിലേയ്ക്കു കടന്നുവരുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുവാന്‍ രൂപത പ്രതിജ്ഞാബദ്ധമാണെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. 
പ്രവാസികളുടെ പുനരധിവാസത്തിനുതകുന്ന പദ്ധതികള്‍, കാര്‍ഷിക വ്യവസായ മേഖലകളിലെ സംരംഭങ്ങള്‍ക്കുള്ള സഹായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കുള്ള കൗണ്‍സിലിംഗ് തുടങ്ങി വിവിധ പദ്ധതികള്‍ക്ക് കോണ്‍ഫറന്‍സ് കരടുരൂപം നല്‍കി. വികാരി ജനറാള്‍ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മോഡറേറ്ററായിരുന്നു. 
മടങ്ങിവരുന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍വിദ്യാഭ്യാസത്തിന് രൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരമാവധി സൗകര്യങ്ങള്‍ ഒരുക്കും. എഞ്ചിനീയറിംഗ് തുടങ്ങി ഉന്നതവിദ്യാഭ്യാസമേഖലയില്‍ രൂപതയിലുള്ള  എല്ലാ സൗകര്യങ്ങളും പ്രവാസിവിദ്യാര്‍ത്ഥികള്‍ക്കും ഒരുക്കുമെന്ന് പ്രവാസി അപ്പസ്‌തോലേറ്റ് ഡയറക്ടറും അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് മാനേജരുമായ റവ.ഡോ.മാത്യു പായിക്കാട്ട് സൂചിപ്പിച്ചു. കാര്‍ഷിക വ്യവസായ മേഖലകളിലെ നിക്ഷേപങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും വേണ്ട സര്‍ക്കാര്‍ ഇടപാടുകള്‍, കൗണ്‍സിലിംഗ്, നിയമോപദേശങ്ങള്‍ എന്നിവയ്ക്ക് ഈ മേഖലകളിലെ പ്രമുഖരുടെ സേവനങ്ങള്‍ പ്രവാസിസമൂഹത്തിന് ലഭ്യമാക്കിത്തരുമെന്ന് ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു. 
കോവിഡ് 19-നെത്തുടര്‍ന്ന് കുവൈറ്റിലേതുള്‍പ്പെടെ ഗള്‍ഫ് പ്രവാസിസമൂഹം അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് എസ്എംസിഎ പ്രസിഡന്റ് തോമസ് കുരുവിള നരിതൂക്കില്‍ വിഷയാവതരണം നടത്തി. ഗള്‍ഫ് മേഖലകളിലേയ്ക്ക് കടന്നുവരുന്ന രൂപതാംഗങ്ങളുടെ വിവരശേഖരണം ഇടവകതലത്തില്‍ സജീവമാക്കണമെന്ന എസ്എംസിഎ ജനറല്‍ സെക്രട്ടറി ബിജു ആന്റോ പള്ളിക്കുന്നേലിന്റെ നിര്‍ദ്ദേശം സമ്മേളനം സ്വാഗതം ചെയ്തു. എസ്എംസിഎ ട്രഷറര്‍ വില്‍സണ്‍ വടക്കേടത്ത്, ഏരിയാ കണ്‍വീനര്‍മാരായ ജോനാ മഞ്ഞളി, ഡെന്നി കാഞ്ഞൂപ്പറമ്പില്‍, സാബു സെബാസ്റ്റ്യന്‍, ആന്റണി മനോജ്, എസ്എംവൈഎം പ്രതിനിധി പ്രിന്‍സ് ജോസഫ് ചൂരപ്പുഴ, എസ്എംസിഎ-കെആര്‍എഫ് പ്രതിനിധി സെബാസ്റ്റ്യന്‍ പുരയിടത്തില്‍ എന്നിവര്‍ സംസാരിച്ചു. കുവൈറ്റിലെ നാല് ഏരിയകളില്‍ നിന്നുമായി കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ 20ല്‍പരം പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ രൂപതാംഗങ്ങളായ പ്രവാസികളുടെ വെബ് കോണ്‍ഫറന്‍സ് ജൂലൈ 10ന് ചേരുന്നതാണ്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •