ശബരിമല യുവതീപ്രവേശം അനുവദിക്കണമെന്ന നിലപാടിലേക്ക് വീണ്ടും സിപിഎം എത്തിയിരിക്കുന്നതിലൂടെ ആ പാര്‍ട്ടി ഹിന്ദു വിശ്വാസികളെ വഞ്ചിച്ചിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ദേശീയ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് നയിച്ച ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാ പദയാത്രയുടെ സമാപന സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ സ്ഥിരമായി വഞ്ചിച്ചു കൊണ്ടിരിക്കുന്ന സിപിഎം ഉള്‍പ്പെടുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്ത് അഴിമതി ഭരണമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന ആപല്‍ക്കരമായ സ്ഥിതി വിശേഷത്തില്‍ നിന്ന് ശ്രദ്ധ മാറ്റുന്നതിനു വേണ്ടിയാണ് മോദി സര്‍ക്കാര്‍ പൗരത്വനിയമം കൊണ്ടുവന്നത്. ഇതിനെ ആദ്യം മുതല്‍ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമാണ് സാധിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.