Fri. Apr 19th, 2024

എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളും സ്വന്തമായി ജിഐഎസ്‌ ഡാറ്റ തയ്യാറാക്കും; ഇനി വീടുകൾ ഉൾപ്പെടെ എല്ലാ കെട്ടിടങ്ങളുടെയും മറ്റും വിവരം വീഡിയോ ഉൾപ്പെടെ വിരൽത്തുമ്പിൽ

By admin Sep 21, 2021 #news
Keralanewz.com

സംസ്ഥാനത്തെ മുഴുവൻ തദ്ദേശ ഭരണസ്ഥാപനങ്ങളും സ്‌മാർട്ടാകാൻ ജിയോ ഇൻഫർമേഷൻ സിസ്‌റ്റം (ജിഐഎസ്‌) ഉപയോഗിച്ചുള്ള ഡിജിറ്റൽ ഡാറ്റ തയ്യാറാക്കുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ വീടുകൾ ഉൾപ്പെടെ എല്ലാ കെട്ടിടങ്ങളുടെയും മറ്റും വിവരം വീഡിയോ ഉൾപ്പെടെ വിരൽത്തുമ്പിൽ ലഭ്യമാകും. ഇതിനായി, ഡ്രോൺ അടക്കമുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സർവേ നടത്തും. ആസൂത്രണം, പദ്ധതി രൂപീകരണം, നിർവഹണം, ലൈസൻസ്‌, പെർമിറ്റുകൾ തുടങ്ങിയവയ്‌ക്ക്‌ ഈ ഡിജിറ്റൽ ഡാറ്റയാകും ഉപയോഗിക്കുക. തദ്ദേശ ഭരണസ്ഥാപന എൻജിനിയറിങ്‌ വിഭാഗത്തിലെ എല്ലാ ജീവനക്കാർക്കും ജിഐഎസ്‌ സോഫ്‌റ്റ്‌‌വെയറിൽ പരിശീലനം നൽകും.

വിവിധ നിർമാണങ്ങൾ, കെട്ടിട നിർമാണത്തിന്‌ അനുമതി തുടങ്ങിയവയിൽ തീരുമാനത്തിന്‌ തദ്ദേശ ഭരണസ്ഥാപനങ്ങൾ ഈ നവീന സാങ്കേതികവിദ്യ ഉപയോഗിക്കും. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളും സ്വന്തമായി ജിഐഎസ്‌ ഡാറ്റ തയ്യാറാക്കും. 23 തദ്ദേശ ഭരണസ്ഥാപനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തയ്യാറാക്കിയിരുന്നു. ഇത്‌ വിജയകരമായതോടെയാണ്‌ 1200 തദ്ദേശ ഭരണസ്ഥാപനത്തിലും നടപ്പാക്കുന്നത്‌.

ഗൂഗിൾ എർത്ത്‌, വിക്കി മാപ്പ്‌ എന്നിവയിൽനിന്നാണ്‌ നിലവിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ ജിഐഎസ്‌ ഡാറ്റ ശേഖരിക്കുന്നത്‌. ഇതിൽ ഇമേജ്‌ കിട്ടുമെങ്കിലും കെട്ടിട ഉടമയുടെ വിവരമടക്കമുള്ളവ ലഭിക്കില്ല. ഒരു പരിധിയിലധികം സൂം ചെയ്യാനാകില്ല. എന്നാൽ, സ്വന്തം ജിഐഎസ്‌ ഡാറ്റയിൽ എല്ലാ വിവരവും ഉൾപ്പെടുത്തും. അതിനാൽ ക്ഷേമ പദ്ധതിക്ക്‌ പോലും ഇവ ഉപയോഗിക്കാം. പ്രകൃതി ക്ഷോഭത്തിലും മറ്റും വീട്‌ തകർന്നാൽപോലും ആ വീട്‌ സൂം ചെയ്‌തും വീഡിയോ നോക്കിയും വ്യക്തത വരുത്താനാകും.

സ്‌മാർട്ട്‌ തദ്ദേശ 
എൻജിനിയറിങ്‌ ഇങ്ങനെ
●കെട്ടിടം, മതിലുകൾ, കലുങ്ക്‌, പാലങ്ങൾ എന്നിവയ്‌ക്ക്‌ ജിഐഎസ്‌ ഡിജിറ്റൽ ഡാറ്റ ഉപയോഗിച്ചുള്ള രൂപരേഖ.
●കുടിവെള്ളം, സ്വീവേജ്‌, ഡ്രൈനേജ്‌ പദ്ധതികളുടെ ആസൂത്രണം, ആവിഷ്‌കാരം, നടത്തിപ്പ്‌, അവലോകനം തുടങ്ങിയവയിൽ ഉപയോഗപ്പെടുത്തും.
●പുതിയ റോഡുകൾ, പാലങ്ങൾ, -അടിസ്ഥാന സൗകര്യ വികസനം, -നവീന നിർമാണ സാമഗ്രികളുടെ അറിവ്‌ പകരൽ എന്നിവയിലും ഉപയോഗിക്കും

Facebook Comments Box

By admin

Related Post