Fri. Mar 29th, 2024

ലോക ടൂറിസം ദിനത്തില്‍ ‘കിരീടം’ പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

By admin Sep 28, 2021 #v sivankutty
Keralanewz.com

തിരുവനന്തപുരം: ലോക ടൂറിസം ദിനത്തില്‍ കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രിയും നേമം എംഎല്‍എയുമായ വി ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രഖ്യാപനം.

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് :-

മൂന്നു പതിറ്റാണ്ട് മുമ്ബാണ് സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവന്‍ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരന്‍ ആയ കേശുവുമായി സംസാരിക്കുമ്ബോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു.

കിരീടം പാലം എന്നും തിലകന്‍ പാലം എന്നുമൊക്കെ പ്രദേശവാസികള്‍ വിളിക്കുന്ന ഈ പാലം നില്‍ക്കുന്നത് നേമം മണ്ഡലത്തില്‍ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്താന്‍ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്.

പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികള്‍ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേര്‍ന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങള്‍, കായലില്‍ ബോട്ടിങ്, കായല്‍ വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചരികള്‍ക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്. ലോക ടൂറിസം ദിനത്തില്‍ തന്നെ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്.

Facebook Comments Box

By admin

Related Post