Fri. Mar 29th, 2024

സി.പി.എം. അച്ചടക്കനടപടി; തൃപ്തരായി കേരള കോൺഗ്രസ് (എം),40 വർഷം യു.ഡി.എഫിൽ കിട്ടാത്ത പിന്തുണ ഇടതിൽ ലഭിച്ചെന്ന് നേതൃത്വം

By admin Oct 1, 2021 #news
Keralanewz.com

കോട്ടയം: പാർട്ടി സ്ഥാനാർഥികൾ മത്സരിച്ച മണ്ഡലങ്ങളിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ സി.പി.എം. സ്വീകരിക്കുന്ന അച്ചടക്കനടപടികളിൽ കേരള കോൺഗ്രസ് എമ്മിന് തൃപ്തി. യു.ഡി.എഫിൽ നിൽക്കെ ഒരിക്കലും ഉണ്ടാകാത്ത മികച്ച സമീപനമാണ് ഇടതുമുന്നണിയിൽ പ്രത്യേകിച്ച് സി.പി.എമ്മിൽനിന്ന് ലഭിച്ചതെന്ന് പാർട്ടി നേതൃത്വം കരുതുന്നു. മുന്നണിയിൽ ചേരുന്ന സമയത്ത് സി.പി.എം. സ്വീകരിച്ച അതേ അനുഭാവസമീപനം ഇപ്പോഴുമുണ്ടെന്നതിലും കേരള കോൺഗ്രസ് നേതൃത്വം സന്തോഷം രേഖപ്പെടുത്തി. പ്രത്യേകിച്ചും സി.പി.ഐ. കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്ന ഇൗ സന്ദർഭത്തിൽ.

പിറവത്ത് കേരള കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച സിന്ധുമോൾ ജേക്കബിന് എതിരെ പരസ്യപ്രതിഷേധമുയർത്തിയ നേതാവിനെ സി.പി.എം. പുറത്താക്കിയിരുന്നു. പദവികളിൽനിന്ന് ഒഴിവാക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് പുറത്താക്കാൻതന്നെ നിർദേശിക്കുകയായിരുന്നു.

സി.പി.എം. ബ്രാഞ്ചംഗമായിരുന്ന സിന്ധുമോൾ പാർട്ടി അംഗത്വം പുതുക്കാതെ തുടരുന്നതിനിടെയാണ് കേരള കോൺഗ്രസ് എമ്മിൽ ചേർന്ന് പിറവത്ത് മത്സരിച്ചത്. എന്നാൽ അംഗത്വം പുതുക്കാഞ്ഞത് ശ്രദ്ധിക്കാതെ ഇവരെ സി.പി.എമ്മിൽനിന്ന് പുറത്താക്കിയെന്ന് പ്രസ്താവന ഇറക്കിയ പ്രാദേശിക സി.പി.എം. നേതൃത്വത്തെ അന്നത്തെ സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ.വാസവൻ തിരുത്തിയിരുന്നു. ഇടത് സ്ഥാനാർഥിയായ വ്യക്തിക്കെതിരെ നടപടിയെടുക്കുന്നെങ്കിൽ അത് ജില്ലാ നേതൃത്വത്തോട് ആലോചിച്ചുവേണമായിരുന്നെന്നും വാസവൻ വ്യക്തമാക്കിയിരുന്നു. പെരുമ്പാവൂരിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയിൽനിന്ന് പണം ഇൗടാക്കിയ ഏരിയാ കമ്മിറ്റി അംഗത്തിനെ എല്ലാ സ്ഥാനങ്ങളിൽനിന്നും സി.പി.എം. ഒഴിവാക്കുന്നതും വലിയ കാര്യമായി കേരള കോൺഗ്രസ് കണക്കാക്കുന്നു.

കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് കൊടുത്തതിലുണ്ടായ പ്രാദേശിക പ്രതിഷേധത്തിലും സി.പി.എം. നടപടികളിലേക്ക് കടന്നിരുന്നു. പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ സി.പി.എം. ഭാഗത്തുനിന്ന് പ്രാദേശികമായ വീഴ്ച വന്നത് കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ എത്രമാത്രം തിരുത്തൽ നടപടി ഉണ്ടാകുമെന്നതും പാർട്ടി കാത്തിരിക്കുന്നു. അതേസമയം, സി.പി.എം. അനുകൂലമായ സമീപനം സ്വീകരിക്കുന്നനിലയ്ക്ക് സ്ഥാനാർഥികൾ സ്വന്തം നിലയിൽ പ്രതികരണവുമായി പോകരുതെന്ന് പാർട്ടി ചെയർമാൻ വിലക്കി.

നിലപാട് നേതൃത്വം പറയും. ഒാരോ മണ്ഡലത്തിലും പ്രാദേശികമായി വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. സി.പി.എം. കമ്മിഷനുകൾ കേരള കോൺഗ്രസ് സ്ഥാനാർഥികളുടെ പരാതികളോ അഭിപ്രായങ്ങളോ ചോദിക്കാതെത്തന്നെയാണ് അവർക്കുണ്ടായ പ്രയാസങ്ങളിൽ പരിശോധന നടത്തിയതെന്നും ശ്രദ്ധേയമാണ്

Facebook Comments Box

By admin

Related Post