Thu. Mar 28th, 2024

ജലസേചന വകുപ്പിന്റെ കണക്കുകളിലൊതുങ്ങി പെരിയാര്‍; ആശങ്ക ഒഴിഞ്ഞു

By admin Oct 22, 2021 #irrigation
Keralanewz.com

എറണാകുളം: ജലസേചന വകുപ്പിന്റെ കണക്കുകള്‍ക്കുള്ളില്‍ പെരിയാറിനെ തിരിച്ചുവിട്ടപ്പോള്‍ ആശങ്കയും ഒഴുകി തീര്‍ന്നു. ജലസംഭരണികളില്‍ സുരക്ഷിത ജലനിരപ്പായി. ഇടമലയാറില്‍ ജലനിരപ്പ് ബ്ലൂ അലര്‍ട്ടിനും താഴെയെത്തി.

ഇനി ഒരാഴ്ച തീവ്രമഴ പെയ്താലും പെരിയാര്‍ കരകവിയുമെന്ന ആശങ്ക വേണ്ടെന്ന് ജലസേചന വകുപ്പ്.

കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ ഇടമലയാര്‍ ഡാമും ഇടുക്കി ഡാമും ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കിയപ്പോള്‍ പെരിയാര്‍ കരകവിഞ്ഞൊഴുകാതിരിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ജലസേചന വകുപ്പാണ്. വകുപ്പിലെ ജീവനക്കാര്‍ ചെറുതോണി മുതല്‍ വടുതല , പറവൂര്‍ വരെ നിരീക്ഷണവുമായി ഒപ്പം നിന്നു. വെള്ളത്തിന്റെ ഒഴുക്ക് കണക്കുകളാക്കി കൈമാറിയപ്പോള്‍ പൊതു ജനത്തിനത് ആശ്വാസത്തിന്റെ മഴയായി.

ഓരോ മണിക്കൂറിലും ജലനിരപ്പ് വകുപ്പിന്റെ നേതൃത്വത്തില്‍ പുറത്തു വിട്ടിരുന്നു. മഴ കുറഞ്ഞു നിന്നതും കൃത്യമായ ആസൂത്രണവുമാണ് പെരിയാര്‍ കരകവിയാതിരിക്കാനുള്ള കാരണങ്ങളെന്ന് ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബാജി ചന്ദ്രന്‍ ആര്‍ പറഞ്ഞു. പുഴയിലേക്കൊഴുക്കിയ വെള്ളത്തിന്റെ അളവും കുറവായിരുന്നു. അതുകൊണ്ടു തന്നെ വെള്ളത്തിന്റെ പ്രവേഗവും കുറഞ്ഞു നിന്നു. പുഴ കായലുമായി ചേരുന്ന ഭാഗങ്ങളിലെ തടസങ്ങള്‍ നീക്കി ഒഴുക്ക് കൂട്ടിയതും തുണയായി. ഇനി മഴ പെയ്താലും ഇടമലയാര്‍ ഡാമില്‍ സംഭരിക്കാനുള്ള ഇടമുണ്ട്. ഇടമലയാര്‍ ഡാമിലെ ഷട്ടറുകള്‍ താഴ്ത്തി പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കാം. അസാധാരണ അന്തരീക്ഷം വന്നാല്‍ മാത്രം ആശങ്കമതി.

പെരിയാറില്‍ വെള്ളപ്പൊക്കമുണ്ടാകേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ബാജി പറഞ്ഞു.

Facebook Comments Box

By admin

Related Post