Fri. Mar 29th, 2024

ഇന്ധനവിലയില്‍ നേരിയ ആശ്വാസം; സംസ്ഥാനത്ത് പെട്രോള്‍ വില 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയും കുറഞ്ഞു

By admin Nov 4, 2021 #news
Keralanewz.com

തിരുവനന്തപുരം: ഇന്ധന വിലയില്‍ സംസ്ഥാനത്ത് നേരിയ ആശ്വാസം. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്. പെട്രോള്‍ എക്‌സൈസ് തീരുവ അഞ്ചു രൂപയും ഡീസല്‍ എക്‌സൈസ് തീരുവ 10 രൂപയുമാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. 

പുതുക്കിയ നിരക്ക് അനുസരിച്ച് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ 86 പൈസയായി കുറഞ്ഞു. ഡീസല്‍ വില 93 രൂപ 52 പൈസയാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103 രൂപ 70 പൈസയാണ്. ഡീസല്‍ വില 91 രൂപ 49 പൈസയും. 

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103 രൂപ 97 പൈസയായി. ഡീസല്‍ ലിറ്ററിന് 92 രൂപ 57 പൈസയായും താഴ്ന്നു. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

റെക്കോർഡ് വർധനവിനു ശേഷം വില കുറച്ചു

ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. ഒക്ടോബറിൽ പെട്രോൾ ലീറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുൻപ് ഏറ്റവും കൂടുതൽ വില വർധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ മാസത്തിലും പിന്നീട് സെപ്റ്റംബറിലും.

സെപ്റ്റംബറിൽ ഡീസലിന് 1.11 രൂപ കുറഞ്ഞതാണ് നിരക്കിലുണ്ടായ ഏറ്റവും വലിയ കുറവ്. ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില കൂടാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെയുള്ള വില വർധന പെട്രോളിന് 31% ഡീസലിന് 33% ആണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വർധിച്ചത്

Facebook Comments Box

By admin

Related Post