Thu. Apr 25th, 2024

ചിക്കന്‍ സ്റ്റാളുകളിലെ അവശിഷ്ടങ്ങള്‍ പന്നികള്‍ക്ക് ആഹാരമായി നല്‍കരുത്; മലിനീകരണ നിയന്ത്രണബോര്‍ഡ് ഉത്തരവ് പന്നിഫാം ഉടമകള്‍ക്ക് ഭീഷണിയാവുന്നു

By admin Dec 18, 2021 #news
Keralanewz.com

കാഞ്ഞങ്ങാട്: കൊവിഡ് പ്രതിസന്ധിക്ക് പുറമെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുതുതായി ഇറക്കിയ ഉത്തരവ് പന്നി ഫാം ഉടമകള്‍ക്ക് ഭീഷണിയാകുന്നു.

ചിക്കന്‍ സ്റ്റാളുകളിലെ അവശിഷ്ടങ്ങള്‍ പന്നികള്‍ക്ക് ആഹാരമായി നല്‍കരുതെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവാണ് വെല്ലുവിളിയായിരിക്കുന്നത്. കൂടാതെ ഫാം ലൈസന്‍സിംഗ് പരിഷ്‌കരിച്ചപ്പോള്‍ പന്നിഫാമുകളെ അവഗണിക്കുകയും അപ്രായോഗികമായ ചട്ടങ്ങള്‍ മൂലം ഫാം ലൈസന്‍സ് എടുക്കാന്‍ കഴിയാത്ത സാഹചര്യവും സൃഷ്ടിച്ചു. ഹോട്ടലുകള്‍, കല്യാണ മണ്ഡപങ്ങള്‍, ഹോസ്റ്റലുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, പഴം, പച്ചക്കറികടകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഫാം ഉടമകള്‍ പന്നികള്‍ക്കാവശ്യമായ ഭക്ഷണം ശേഖരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം വളര്‍ത്തുപന്നികള്‍ക്ക് ഭക്ഷണമെത്തിക്കുക കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു.

പുതിയ ഉത്തരവ് കൂടി വന്നതോടെ ഈ മേഖലയിലെ പ്രതിസന്ധി ഒന്നുകൂടി രൂക്ഷമായിരിക്കുകയാണ്. കേരളത്തില്‍ പുതുതായി ആരംഭിക്കുന്ന ജൈവമാലിന്യം ശേഖരിക്കുന്ന റെന്ററിംഗ് പ്ലാന്റുകളെ സഹായിക്കാനാണ് പിസിബിയുടെ പുതിയ ഉത്തരവ്. ചില തദ്ദേശസ്ഥാപനങ്ങള്‍ കോഴിമാലിന്യവുമായി പോകുന്ന പന്നി ഫാം ഉടമകളുടെ വണ്ടികള്‍ തടയുകയും റെന്ററിംഗ് പ്ലാന്റിന് കോഴിമാലിന്യങ്ങള്‍ കൊടുക്കാത്ത ആള്‍ക്കാരുടെ സ്ഥാപനത്തിന് ലൈസന്‍സ് കൊടുക്കാതിരിക്കുകയും ചെയ്യുന്നതായി പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിനോയി കാക്കനാടന്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തദ്ദേശ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത സെപ്റ്റംബര്‍ 30ന് ചേര്‍ന്ന യോഗത്തില്‍ കോഴി ഫാമില്‍ നിന്നുള്ള മാലിന്യങ്ങള്‍ പന്നിഫാമിന് നല്‍കിയശേഷം ബാക്കിയുള്ളവ കൃത്യമായി സംസ്‌കരിക്കാന്‍ സംവിധാനമുണ്ടാക്കണം. കര്‍ഷകര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടി മൃഗസംരക്ഷണവകുപ്പിന്റെ ശിപാര്‍ശപ്രകാരം തദ്ദേശസ്വയംഭരണവകുപ്പ് സ്വീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം പോലും കാറ്റില്‍പറത്തിയാണ് ചില തദ്ദേശസ്ഥാപനമേധാവികള്‍ റെന്ററിംഗ് പ്ലാന്റുകളെ സഹായിക്കാന്‍ കോഴി അവശിഷ്ടങ്ങള്‍ പന്നി കര്‍ഷകര്‍ക്ക് നല്‍കരുതെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്നും മാലിന്യകച്ചവടം നടത്തുന്ന മാഫിയകളെ സംരക്ഷിക്കാനാണ് ഇതിലൂടെ അവരുടെ ശ്രമമെന്നും ബിനോയി ആരോപിച്ചു. പന്നികര്‍ഷകര്‍ സൗജന്യമായാണ് കോഴിമാലിന്യം ശേഖരിക്കുന്നത്. എന്നാല്‍ റെന്ററിംഗ് പ്ലാന്റുകാര്‍ മാലിന്യം ശേഖരിക്കണമെങ്കില്‍ കിലോയ്ക്ക് പത്തുരൂപ നല്‍കണം. ഒരു കിലോഗ്രാം കോഴിക്ക് 350 ഗ്രാം മാലിന്യം ഉണ്ടാകും. ഇതോടെ കോഴിയിറച്ചി വാങ്ങുന്ന ഉപഭോക്താവിന് കിലോയ്ക്ക് 3.33 രൂപ അധികമായി നല്‍കേണ്ടിവരും.

മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയിലെ പന്നി ഉത്പാദന ഗവേഷണകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ കാലങ്ങളായി കര്‍ഷകരെ പറഞ്ഞുപഠിപ്പിക്കുന്നത് കോഴിമാലിന്യവും ഹോട്ടല്‍ മിച്ചഭക്ഷണവും നല്‍കി പന്നികളെ വളര്‍ത്താനാണ്. അതുകൊണ്ടാണ് ഇവയെ ലാഭകരമായി വളര്‍ത്താന്‍ സാധിക്കുന്നത്. കേരളത്തിലെ 12,000 ത്തോളം പന്നിഫാമുകളെയും അവയെ ആശ്രയിച്ചുജീവിക്കുന്ന ഒരുലക്ഷത്തില്‍പരം ആളുകളുടെയും ജീവിതമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. പന്നികര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പിഎഫ്‌എ ഭാരവാഹികളായ ഒ.എസ്.ശ്രീകുമാര്‍, ടി.ഗോവിന്ദന്‍, കെ.പി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു

Facebook Comments Box

By admin

Related Post