Tue. Apr 23rd, 2024

ഇന്ന് മുതല്‍ രാത്രികാല നിയന്ത്രണം, ശബരിമല, ശിവഗിരി തീര്‍ഥാടകരെ ഒഴിവാക്കി

By admin Dec 30, 2021 #news
Keralanewz.com

ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം. രാത്രി പത്ത് മണിക്കു ശേഷമുള്ള മത-സാമൂഹ്യ-രാഷ്ട്രീയ കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും പാടില്ല.

അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് (വ്യാഴം) നിലവില്‍വരും. ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കരുതണം. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാത്രികാല നിയന്ത്രണം.
ശബരിമല, ശിവഗിരി തീര്‍ഥാടകരെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി. രാത്രി 10 മുതല്‍ രാവിലെ 5 വരെയുള്ള നിയന്ത്രണം ബാധകമാകില്ല. പത്തനംതിട്ട, തിരുവനന്തപുരം കലക്ടര്‍മാരുടെ ശുപാര്‍ശ പ്രകാരമാണു തീരുമാനമെന്നു ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച്‌ ഇറങ്ങിയ ഉത്തരവില്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളില്‍ പുതുവത്സര പ്രാര്‍ത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണില്‍ നിന്നും സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്.

ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം മറ്റ് ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

കടകള്‍ രാത്രി 10ന് അടയ്ക്കണം. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. പുതുവത്സരാഘോഷങ്ങളും രാത്രി പത്തിനുശേഷം അനുവദിക്കില്ല. ബീച്ചുകള്‍, ഷോപ്പിങ്‌ മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.

ഹോട്ടലുകള്‍ റസ്റ്റോറന്‍റുകള്‍ ബാറുകള്‍ ക്ലബുകള്‍ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കന്‍റ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവര്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ന്യൂ ഇയര്‍ ആഘോങ്ങളൊന്നും പത്ത് മണിക്ക് ശേഷം പാടില്ല. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്‌ട്രല്‍ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പോലീസിനെയും നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്തും

Facebook Comments Box

By admin

Related Post