Fri. Apr 19th, 2024

കൊറോണയ്ക്ക് പിന്നാലെ പുതിയ വൈറസ് ‘ഫ്ലൊറോണ’; ഇസ്രായേലിൽ രോഗം സ്ഥിരീകരിച്ചു

By admin Jan 2, 2022 #news
Keralanewz.com

ജെറുസലേം: കൊറോണ വൈറസിന് പിന്നാലെ ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തി പുതിയ വൈറസ്. ഫ്ലൊറോണ എന്ന പേരിലുള്ള രോഗത്തിന്‍റെ ആദ്യ കേസ് ഇസ്രായേലിൽ റിപ്പോർട്ട് ചെയ്തു. കൊറോണയുടെയും ഇൻഫ്ലുവൻസയുടെയും അണുബാധ ചേർന്നുണ്ടാകുന്ന രോഗവസ്ഥയാണ് ഫ്ലൊറോണ. ഇസ്രായേലിലെ റാബൻ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ച ഗർഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്.

യുവതി വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ലോകം പോരാടുന്നതിനിടെയാണ് ഭീതി പടർത്തി ഫ്ലൊറോണ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിവേഗ വ്യാപനശേഷിയുള്ള ഒമിക്രോൺ ഒട്ടുമിക്ക രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം പുതുവത്സര ദിനത്തിൽ അഫ്ഗാനിസ്ഥാന് സമ്മാനമായി കൊറോണ വാക്‌സിൻ നൽകി ഇന്ത്യ. അഞ്ച് ലക്ഷം ഡോസ് കൊവാക്‌സിനാണ് അഫ്ഗാനിസ്ഥാന് നൽകിയത്. താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് ഇന്ത്യ, സഹായാടിസ്ഥാനത്തിൽ അഫ്ഗാന് വാക്‌സിൻ നൽകുന്നത്.

ഇന്ത്യയ്‌ക്ക് നന്ദിയറിയിച്ചുകൊണ്ട് ഇന്ത്യയിലെ അഫ്ഗാൻ അംബാസഡർ ഫാരിദ് മൻമുണ്ട്‌സേ രംഗത്തെത്തി. 2022 ന്റെ ആദ്യ ദിവസം തന്നെ അഫ്ഗാൻ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യ കാണിച്ച നല്ല മനസിന് അദ്ദേഹം നന്ദിയറിയിച്ചു. ഇന്ത്യയുമായി തുടർന്നും സമാധാന ബന്ധം പുലർത്താൻ സാധിക്കുമെന്നും ഫാരിദ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ അഞ്ച് ലക്ഷം വാക്‌സിൻ കൂടി അഫ്ഗാന് നൽകും.

താലിബാൻ ആക്രമണത്തിൽ തകർന്നടിഞ്ഞ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ നേരത്തെയും സാധനങ്ങൾ കയറ്റി അയച്ചിരുന്നു. ഭക്ഷ്യക്ഷാമം വർദ്ധിച്ച സാഹചര്യത്തിൽ 50,000 ടൺ ഗോതമ്പും മരുന്നും പാകിസ്താൻ റോഡ് വഴിയാണ് അഫ്ഗാനിലേക്ക് കയറ്റി അയച്ചത്. ഇതിന് പാക് ഭരണകൂടവും അനുമതി നൽകിയിരുന്നു. താലിബാൻ ഭരണകൂടത്തെ രാജ്യം അംഗീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയുള്ള സഹായങ്ങളാണ് നൽകുന്നത്.

കേരളത്തില്‍ ഇന്നലെ 2435 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107, വയനാട് 65, പാലക്കാട് 58, ഇടുക്കി 57, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,658 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,09,032 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 93,190 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,842 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 169 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 18,904 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,035 ആയി.ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2241 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 134 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2704 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 487, കൊല്ലം 276, പത്തനംതിട്ട 124, ആലപ്പുഴ 138, കോട്ടയം 244, ഇടുക്കി 118, എറണാകുളം 434, തൃശൂര്‍ 161, പാലക്കാട് 27, മലപ്പുറം 73, കോഴിക്കോട് 311, വയനാട് 101, കണ്ണൂര്‍ 166, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 18,904 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,81,981 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി

Facebook Comments Box

By admin

Related Post