Thu. Apr 25th, 2024

ഒമിക്രോൺ: എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഏഴ് ദിവസം ഹോം ക്വാറന്റീൻ: മന്ത്രി വീണാ ജോർജ്

By admin Jan 7, 2022 #news
Keralanewz.com

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമാണിത്. 

സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 64 പേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. 30 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. 

ലോ റിസ്‌ക് രാജ്യങ്ങളിൽ വരുന്നവർക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്റീൻ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാർഗനിർദേശ പ്രകാരം ഹോം ക്വാറന്റീൻ വ്യവസ്ഥകൾ കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി

എയർപോർട്ടിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർ എന്നിങ്ങനെ തിരിച്ചാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവർക്കും ആർടിപിസിആർ പരിശോധന നടത്തും. നെഗറ്റീവായാൽ 7 ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധനയും നടത്തണം. 

നെഗറ്റീവായാൽ വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിക്കും. സ്റ്റാൻഡേർഡ് പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ നൽകുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശ പ്രകാരം ഡിസ്ചാർജ് ചെയ്യുകയും ചെയ്യും

ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ 2 ശതമാനം പേരുടെ സാമ്പിളുകൾ റാൻഡം പരിശോധന നടത്താനാണ് കേന്ദ്ര മാർഗനിർദേശം. എന്നാൽ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകൾ റാൻഡം പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ക്വാറന്റീൻ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവർത്തിച്ചുള്ള പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി

Facebook Comments Box

By admin

Related Post