Thu. Apr 25th, 2024

വിവാഹവേദിയിൽ നിന്ന് വധുവുമായി ആംബുലൻസില്‍ വീട്ടിലേക്ക് പോണമെന്ന വരന്റെ വെറൈറ്റി ആഗ്രഹം; വീഡിയോ വൈറലായതിന് പിന്നാലെ നടപടിയുമായി എംവിഡി

By admin Jan 12, 2022 #news
Keralanewz.com

വിവാഹ ദിവസം വ്യത്യസ്തതയ്ക്ക് വേണ്ടി ആംബുലന്‍സില്‍ (Ambulance) വധൂവരന്മാരെ (Newly Wed Couple) കൊണ്ടുപോയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് (Motor Vehicle Department). വിവാഹശേഷം വധുവരന്മാരേയും കൊണ്ട് സൈറണ്‍ മുഴക്കി പായുന്ന ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് എംവിഡി നടപടിയെടുത്തത്. മോട്ടോര്‍ വാഹന വകുപ്പ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത്  പൊലീസിന് കൈമാറി. കായംകുളം കറ്റാനത്ത് സർവ്വീസ് നടത്തുന്ന എയ്ഞ്ചൽ എന്ന ആംബുലൻസാണ് നിയമം ലംഘനം നടത്തിയത്.

വധുവുമായി വീട്ടിലേക്ക് ആംബുലൻസില്‍ എത്തണമെന്ന ആഗ്രഹം വരന്‍ സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് വിവാഹ വണ്ടിയായി ആംബുലന്‍സ് എത്തിയത്. കറ്റാനം ഓർത്തഡോക്സ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. വിവാഹവേദിയിൽ നിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂർവ്വമായി പാട്ടും സൈറണും മുഴക്കിയും വാഹനം അലങ്കരിച്ചുമാണ് പൊതു നിരത്തിലൂടെ വാഹനം ഉപയോഗിച്ചത്. ഈ രംഗങ്ങള്‍ സുഹൃത്തുക്കള്‍ തന്നെ ചിത്രീകരിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ ദൃശ്യങ്ങളാണ് എംവിഡിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്രാൻസ്പോർട്ട് കമ്മീഷ്ണർ ആലപ്പുഴ ആർ.ടി.ഒ ആർ സജിപ്രസാദിനോട് വാഹനം കസ്റ്റഡിയിലെടുത്ത് നടപടി എടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു

വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയപ്പോള്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഇതോടെ രോഗിയെ ആശുപത്രിയിലാക്കി മടങ്ങി വന്ന വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. രജിസ്ട്രേഷന് വിരുദ്ധമായി പെർമിറ്റുള്ള വാഹനം ഓടേണ്ട സ്ഥലത്ത് പെര്‍മിറ്റ് ഇല്ലാത്ത വാഹനം ഓടിയതാണ് സംഭവത്തിലെ കുറ്റം. വാഹനം ആംബുലന്‍സ് ആയി രജിസ്റ്റര്‍ ചെയ്താല്‍ രോഗികളെ കൊണ്ടു പോകാനും അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് എംവിഡി വിശദമാക്കുന്നു. ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും എംവിഡി വിശദമാക്കി. വാഹനത്തിൻറെ പെർമിറ്റും, ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ  പുരോഗമിക്കുകയാണ്

Facebook Comments Box

By admin

Related Post