Tue. Apr 23rd, 2024

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളില്‍ ഖാദി ധരിക്കണമെന്ന് ഉത്തരവ്

By admin Jan 12, 2022 #news
Keralanewz.com

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ആഴ്ചയില്‍ ഒരിക്കല്‍ ഖാദി നിര്‍ബന്ധമാക്കി. ബുധനാഴ്ചകളില്‍ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍, അര്‍ധ-സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങള്‍ വാങ്ങാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു

മുതിര്‍ന്ന സിപിഎം നേതാവ് പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിതനായതിനു പിന്നാലെയാണ് പുതിയ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരെ ഖാദി/കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രേരിപ്പിക്കുമെന്നു വ്യവസായ മന്ത്രി പി.രാജീവ് കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ പറഞ്ഞിരുന്നു. മേഖലയുടെ ഉന്നമനത്തിനായി എംഎല്‍എമാരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് പി.രാജീവ് ആശ്യപ്പെട്ടു. സര്‍ക്കാര്‍ വകുപ്പുകള്‍ ഒരു നിശ്ചിത ശതമാനം ഖാദി/കൈത്തറി വസ്ത്രങ്ങള്‍ വാങ്ങുന്നതായി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മുമ്പ് ശനിയാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും ഫലമുണ്ടായിരുന്നില്ല.

കൊവിഡ് മൂലം കൈത്തറി മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം. നേരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഖാദി മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാസ്‌കുകള്‍ ഖാദി ബോര്‍ഡില്‍ നിന്ന് വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. നൂറിലേറെ തവണ കഴുകി ഉപയോഗിക്കാന്‍ പറ്റുന്ന കട്ടിയുള്ള ‘മനില’ തുണി ഉപയോഗിച്ചാണ് ഖാദി ബോര്‍ഡ് മാസ്‌കുകള്‍ നിര്‍മിക്കുന്നത്

Facebook Comments Box

By admin

Related Post