Fri. Apr 19th, 2024

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു, കുറ്റവിമുക്തന്‍ എന്ന് കോടതി

By admin Jan 14, 2022 #news
Keralanewz.com

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ വിധി പ്രഖ്യാപിച്ചു.

കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടു. ഫ്രാങ്കോ തെറ്റുകാരന്‍ അല്ലെന്നും കുറ്റവിമുക്തനാണെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് വിധി പ്രഖ്യാപിച്ചത്. കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചെന്ന കേസ്. കേസിലെ വിധി കേള്‍ക്കാനായി ഫ്രാങ്കോ പിന്‍വാതിലിലൂടെ കോടതിയിലെത്തിയിരുന്നു.

105 ദിവസം നീണ്ടുനിന്ന രഹസ്യ വിചാരണയില്‍ 39 സാക്ഷികളെ കോടതി വിസ്തരിച്ചു. കേസില്‍ 83 സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്ത് പ്രോസിക്യൂഷന്‍ പലരെയും വിസ്തരിച്ചിരുന്നില്ല. 4000 ത്തിലധികം പേജുള്ള കുറ്റപത്രമായിരുന്നു കേസില്‍ പോലീസ് സമര്‍പ്പിച്ചത്. ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ 2019 ഏപ്രില്‍ ഒമ്ബതിനാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പുമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവരടക്കം 83 സാക്ഷികളാണ് കേസിലുള്ളത്.

2019 നവംബറിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ബലാത്സംഗക്കേസില്‍ വിചാരണ തുടങ്ങിയത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച്‌ 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്‍റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‍തത്.

Facebook Comments Box

By admin

Related Post