ലോകായുക്ത ഓര്‍ഡിനന്‍സ്: ഗവര്‍ണറുടെ തീരുമാനം വൈകും
തിരുവനന്തപുരം: ലോകയുക്തക്ക് പൂട്ടിടാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനം വൈകും.പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും ഭരണപക്ഷത്തുനിന്നുപോലും എതിര്‍പ്പുണ്ടായ സാഹചര്യത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുകയെന്നറിയുന്നു.
കേന്ദ്രസര്‍ക്കാറിന്റെ അധികാര പ്രയോഗത്തിന് തടയിടാനാണ് നിയമഭേദഗതി എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിലെ പരാമര്‍ശവും ഗവര്‍ണര്‍ ഗൗരവമായാകും കാണുക. ഗവര്‍ണര്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്കിയാല് ലോകായുക്തയുടെ നിലവിലെ അധികാരങ്ങള്‍ പലതും നഷ്ടമാകും. വിഷയത്തില്‍ ഗവര്‍ണര്‍ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കണ്ണൂര്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാറുമായി ഇടഞ്ഞ ഗവര്‍ണര്‍ ഇപ്പോള്‍ ആ വിഷയത്തില്‍ അനുരഞ്ജനത്തിലെത്തിയിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇപ്പോള്‍ ലോകായുക്ത നിയമ ഭേദഗതി വിവാദം.
കഴിഞ്ഞദിവസം ഗവര്‍ണറെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാക്കള്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ എന്ത് നിലപാടെടുക്കുമെന്നത് നിര്‍ണായകമാണ്. കൂടുതല്‍ വിശദീകരണം തേടി ഓര്‍ഡിനന്‍സ് തിരിച്ചയക്കാനുള്ള സാധ്യതയും തള്ളാനാകില്ല. മുഖ്യമന്ത്രിക്കും മന്ത്രി ആര്. ബിന്ദുവിനുമെതിരായ കേസുകള്‍ ലോകായുക്ത മുമ്ബാകെയുള്ളതിനാലാണ് സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് നീക്കമെന്ന ആക്ഷേപവും ഗവര്‍ണര്‍ പരിശോധിക്കാന്‍ സാധ്യതയുണ്ട്.