ചില്‍ഡ്രന്‍സ് ഹോം ഗേള്‍സ് ഹോമില്‍നിന്നു കാണാതായ ആറു പെണ്‍കുട്ടികളുടെ യാത്രയില്‍ ദുരൂഹത

Spread the love
       
 
  
    

കോഴിക്കോട് ∙ വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം ഗേള്‍സ് ഹോമില്‍നിന്നു കാണാതായ ആറു പെണ്‍കുട്ടികളുടെ യാത്രയില്‍ ദുരൂഹതകള്‍ ഏറെ.

26നു രാവിലെ ഹോമിലെ റിപ്പബ്ലിക്ദിന പരിപാടിയില്‍ ഈ കുട്ടികളും സജീവമായിരുന്നു. പൊതുവേ മിടുക്കരായ പെണ്‍കുട്ടികളാണിവരെന്നാണ് അധികൃതരുടെ അഭിപ്രായം.

നേരത്തേ ഹോമില്‍ അന്തേവാസികളായി താമസിച്ചു പിന്നീട് സ്വന്തം വീട്ടിലേക്കു പോയ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ ദിവസങ്ങള്‍ക്കു മുന്‍പാണു വീണ്ടും ഹോമിലെത്തിയത്. അവര്‍ മറ്റു കുട്ടികളുമായി ഏറെ സൗഹൃദത്തിലായി. ഹോമില്‍നിന്ന് ഒളിച്ചോടിയവരില്‍ രണ്ടു പേര്‍ ഇവരാണ്. ഒളിച്ചോട്ടത്തിനു നേതൃത്വം നല്‍കിയതും ഇവരാണെന്നാണ് വിവരം.

റിപ്പബ്ലിക്ദിന പരിപാടികള്‍ കഴിഞ്ഞ് എല്ലാവരും സ്ഥലത്തുണ്ടായിരുന്നു. വൈകിട്ട് മൂന്നു മണി വരെ ആറു പേരും അവിടെയുണ്ടെന്നാണു പറയുന്നത്. നാല് മണിയോടെയാണ് കുട്ടികളെ കാണാതായ വിവരം അറിഞ്ഞത്. ഹോമില്‍നിന്നു പുറത്തുകടന്ന പെണ്‍കുട്ടികള്‍ റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ഉണ്ട്. നഗരത്തിലെത്തിയ കുട്ടികള്‍ 500 രൂപയ്ക്ക് ഒരാളില്‍നിന്നു സാധാരണ ഫോണ്‍ വാങ്ങി. അതില്‍നിന്നു ഒരാളെ വിളിച്ചു ഫോണ്‍ നല്‍കിയ ആള്‍ക്കു 500 രൂപ ഗൂഗിള്‍ പേ ചെയ്യിപ്പിച്ചു.

പിന്നീട് കെഎസ്‌ആര്‍ടിസി ബസില്‍ പാലക്കാട്ടേക്കു യാത്ര ചെയ്തു. ടിക്കറ്റെടുക്കാന്‍ പണമില്ലെന്നു വന്നപ്പോള്‍ ഒരാളെ ഫോണില്‍ വിളിച്ചു 2000 രൂപ കണ്ടക്ടര്‍ക്കു ഗൂഗിള്‍ പേ ചെയ്യിപ്പിച്ചു. ടിക്കറ്റ് ചാര്‍ജ് കഴിച്ചുള്ള പണം കണ്ടക്ടര്‍ കുട്ടികള്‍ക്കു നല്‍കി. പാലക്കാട്ടുനിന്നു ട്രെയിനില്‍ കയറി. കോയമ്ബത്തൂരെത്തിയപ്പോള്‍ ടിടിഇ എത്തി ടിക്കറ്റില്ലെന്ന കാരണത്താല്‍ ഇറക്കിവിട്ടു. അവിടെനിന്നു ബെംഗളൂരുവിലേക്കു മറ്റൊരു ട്രെയിനില്‍ യാത്ര ചെയ്തു.

കുട്ടികള്‍ വയനാട്ടിലെ ഏതോ സ്ഥലത്തുണ്ടാകുമെന്നു ചിലര്‍ പറഞ്ഞു. അത്രയൊന്നും സമയമായിട്ടില്ലെന്നും കോഴിക്കോട് വിട്ടുപോകാന്‍ സാധ്യതയില്ലെന്നും അഭിപ്രായം വന്നു. കയ്യില്‍ പണമോ ഫോണോ ഇല്ലാത്തതിനാല്‍ അധികദൂരം പോകില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഊഹാപോഹങ്ങള്‍ ഉയരുമ്ബോഴാണ് 27നു ഉച്ചകഴിഞ്ഞു ബെംഗളൂരുവില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. മടിവാളയിലെ ഒരു ഹോട്ടലില്‍ കയറിയപ്പോള്‍ മലയാളി സമാജം പ്രവര്‍ത്തകരും ഹോട്ടലുകാരും കുട്ടികളെ തിരിച്ചറിഞ്ഞു.

കുട്ടികളെ കാണാതായ വിവരം പൊലീസ് നേരത്തേ അവിടങ്ങളില്‍ അറിയിച്ചിരുന്നു. തിരിച്ചറിഞ്ഞെന്നു മനസ്സിലാക്കിയ കുട്ടികള്‍ ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടി. ആളുകള്‍ തടഞ്ഞു വയ്ക്കുന്നതിനിടയില്‍ അഞ്ച് പേര്‍ ഓടി മറഞ്ഞു. ഒരാള്‍ പിടിയിലായി. ഓടി മറഞ്ഞവരെ നിമിഷനേരം കൊണ്ടു കണ്ടെത്തുമെന്നാണു കരുതിയത്. മടിവാളയും ബെംഗളൂരു നഗരവും നല്ല പരിചയമുള്ളവരാണു തിരച്ചില്‍ നടത്തിയത്. കുട്ടികള്‍ക്കാണെങ്കില്‍ സ്ഥലം ഒട്ടും പരിചയമില്ല. എന്നാല്‍ കുട്ടികള്‍ പെട്ടെന്നു ഏതോ കേന്ദ്രത്തിലേക്കു മറഞ്ഞു. ആരാണ് അവരെ ഒളിപ്പിച്ചതെന്നു വ്യക്തമല്ല. തിരച്ചില്‍ ഫലം കണ്ടതുമില്ല.

ഇതിനിടയില്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കു ബസ് ബുക്കിങ് സ്ഥാപനത്തിലെത്തി കേരളത്തിലേക്കു ബസ് ടിക്കറ്റ് എടുത്തു. കുട്ടി അവിടെ നല്‍കിയ ഫോണ്‍ നമ്ബര്‍ പൊലീസിനു സഹായകമായി. അമ്മയുടെ ഫോണ്‍ നമ്ബറാണു കുട്ടി നല്‍കിയത്. ബസ് സര്‍വീസ് സ്ഥാപനം നടത്തുന്നവര്‍ ഏതു സ്ഥലത്തുനിന്നാണു ബസില്‍ കയറുന്നതെന്നു അറിയാനായി ഫോണില്‍ വിളിച്ചപ്പോള്‍ അമ്മയാണു ഫോണ്‍ എടുത്തത്. അവര്‍ കാര്യങ്ങള്‍ പറഞ്ഞു. ബസ് ജീവനക്കാരോടു കുട്ടിയെ സൂക്ഷിക്കാന്‍ സ്ഥാപനത്തില്‍നിന്നു നിര്‍ദേശം നല്‍കി.

കോഴിക്കോട്ടെ പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടു കുട്ടി വഴിയില്‍ ഇറങ്ങി പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു പറഞ്ഞു. ബസ് സാധാരണപോലെ രാത്രി ബെംഗളൂരുവില്‍നിന്നു യാത്ര പുറപ്പെട്ടു. പൊലീസ് സംഘം അപ്പോള്‍ ബെംഗളൂരു ദിശയില്‍ യാത്ര ആരംഭിച്ചു. ബസും പൊലീസും മാണ്ഡ്യയില്‍ കണ്ടുമുട്ടി. ബസ് ജീവനക്കാരുമായി പൊലീസ് ബന്ധപ്പെട്ടു കുട്ടിയുടെ സീറ്റ് കണ്ടെത്തി പിടിച്ചിറക്കി. മറ്റുള്ളവരെ കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ ഗോവയിലേക്കു പോയിട്ടുണ്ടാകുമെന്നാണു പറഞ്ഞത്.

പൊലീസ് അപ്പോഴും പല വഴിക്കുള്ള അന്വേഷണം നടത്തുന്നുണ്ടായിരുന്നു. കുട്ടികള്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ളവരുടെ ഫോണ്‍ നിരീക്ഷിക്കുന്നതടക്കം അന്വേഷണം തുടരവേയാണു നാല് കുട്ടികള്‍ നിലമ്ബൂര്‍ എടക്കരയില്‍ എത്തിയതായി വിവരം ലഭിച്ചത്. ബെംഗളൂരുവില്‍നിന്ന് എവിടേക്കു പോകണമെന്ന ചിന്തയുമായി നിന്ന കുട്ടികള്‍ അവസാനം അവരില്‍ ഒരാളുടെ ആണ്‍സുഹൃത്തിനെ ബന്ധപ്പെട്ടു. അയാള്‍ നിലമ്ബൂര്‍ എടക്കരയിലാണു താമസം.

ബെംഗളൂരുവില്‍നിന്നു കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ഒലവക്കോട് എത്തി. അവിടെനിന്നു എടക്കര വരെ ബസില്‍ യാത്ര. അവിടെവച്ച്‌ ഒരാളുടെ ഫോണ്‍ വാങ്ങി ആണ്‍സുഹൃത്തിനെ വിളിച്ചു. അയാള്‍ അസുഖം ബാധിച്ചു വീട്ടില്‍ കിടപ്പിലായിരുന്നു. വീട്ടിലേക്കു വഴി മനസ്സിലാക്കിയ കുട്ടികള്‍ ഓട്ടോറിക്ഷയില്‍ പോകാന്‍ ഒരുങ്ങവേയാണു പിടിയിലായത്.

Facebook Comments Box

Spread the love