Fri. Apr 19th, 2024

ബാബുവിന് കിട്ടിയ ഇളവ് വേറെ ആര്‍ക്കും കിട്ടില്ല, ഇനി മല കയറിയാല്‍ കേസ്

By admin Feb 14, 2022 #news
Keralanewz.com

തിരുവനന്തപുരം: ബാബുവിന് കിട്ടിയ ഇളവ് ഇനി ആര്‍ക്കും അനുവദിക്കില്ലെന്നും കര്‍ശനമായ നടപടി ഉണ്ടാകുമെന്നും വനംറവന്യൂ മന്ത്രിമാര്‍. മലമ്പുഴ ചെറാട് മലയില്‍ വീണ്ടും ആള്‍ കയറിയ സാഹചര്യം ഉന്നത തല യോഗം ചേരുന്ന ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. ബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി മറ്റാരെങ്കിലും മല കയറാന്‍ കാരണമാവുന്നുണ്ടെങ്കില്‍ ആ സംരക്ഷണം ആവശ്യമില്ലെന്ന് ബാബുവിന്റെ അമ്മ പറഞ്ഞു. മലയില്‍ കയറാന്‍ കൃത്യമായ നിബന്ധനകള്‍ ഉണ്ടാക്കുമെന്നും അനധികൃതമായി മല കയറുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടി ഉണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബാബുവിന് കിട്ടിയ ഇളവ് ഇനിയാര്‍ക്കും ലഭ്യമാവില്ലെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു.


ബാബുവും കൂട്ടരും നിയമ ലംഘമാണ് നടത്തിയിരിക്കുന്നതെങ്കില്‍ പോലും പ്രത്യേക ഇളവ് നല്‍കുകയായിരുന്നു. കൂടുതല്‍ പേര്‍ മല കയറാനും, നിയമ ലംഘനം നടത്താനും ശ്രമിക്കുന്നതായി ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഒരു കാരണവശാലും അനധികൃത കടന്നുകയറ്റം അനുവദിക്കില്ല. കൂടുതല്‍ ജാഗ്രതയോടെ പരിശോധന നടത്തും. കൂടുതല്‍ ആര്‍ആര്‍ടിമാരെ നിയോഗിക്കുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇന്നലെ നടന്നത് ഗൗരവമുള്ള വിഷയമാണെന്നും കെ രാജന്‍ പ്രതികരിച്ചു. വിഷയം സമഗ്രമായി കളക്ടര്‍ പരിശോധിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കും.സാഹസിക യാത്രകള്‍ സര്‍ക്കാര്‍ തടയില്ല. പക്ഷെ, ഇത്തരം സംഭവങ്ങള്‍ പരിശോധിക്കാതെ വെറുതെ വിടില്ല. കൂടുതല്‍ യോഗങ്ങള്‍ ചേരും. കൂടുതല്‍ നിയന്ത്രണം ആവശ്യമെങ്കില്‍ ആലോചിക്കാമെന്നും മന്ത്രി അറിയിച്ചു.


ബാബു കേസ് ഫയര്‍ ഫോഴ്‌സില്‍ നിന്ന് പ്രചരിച്ച ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തിലും കെ രാജന്‍ പ്രതികരിച്ചു. വീഴ്ച ഉണ്ടായിട്ടില്ലെന്നും കൃത്യതയുള്ള ഇടപെടലാണ് നടന്നത്. ഫയര്‍ ഫോഴ്‌സിന് പ്രത്യേകമായി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ എന്നത് വേണമെങ്കില്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജന്‍, വനം മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ ഓണ്‍ലൈനായി ഉന്നത തല യോഗത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍, പൊലീസ്, വനം , ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. അപകടകരമായ മലനിരകളില്‍ ആളുകയറുന്നത് തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ചയായി. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം

Facebook Comments Box

By admin

Related Post