Thu. Mar 28th, 2024

രാത്രിയില്‍ വീഡിയോ കോളും അശ്ലീല സന്ദേശങ്ങളും; അദ്ധ്യാപകനെതിരായ വിദ്യാര്‍ത്ഥിനികളുടെ പരാതി ശരിവച്ച്‌ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്

By admin Feb 17, 2022 #sexual abuse
Keralanewz.com

തിരുവനന്തപുരം: അദ്ധ്യാപകന്‍ രാത്രിയില്‍ വീഡിയോ കോളും അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും അയയ്ക്കുന്നെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതി ശരിവച്ച്‌ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്.

ചെമ്ബഴന്തി എസ്.എന്‍. കോളേജിലെ പൊളിറ്റിക്‌സ് വിഭാഗം അദ്ധ്യാപകന്‍ ടി.അഭിലാഷിനെതിരേയാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. അദ്ധ്യാപകനെന്ന നിലയില്‍ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ പദവിക്കു നിരക്കുന്നതല്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

കുട്ടികളോട് അനാവശ്യമായി അദ്ധ്യാപകന്‍ സംസാരിച്ചെന്നും വിദ്യാര്‍ത്ഥിനികള്‍ അനിഷ്ടം പ്രകടിപ്പിച്ചതിനു ശേഷവും ശല്യപ്പെടുത്തല്‍ തുടര്‍ന്നത് ന്യായീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റേണല്‍ കമ്മിറ്റിയുടെ നടപടികള്‍ വിവേചനപരമാണ്. അദ്ധ്യാപകനെ കോളേജില്‍ നിലനിര്‍ത്തിയത്, പരാതിക്കാര്‍ക്ക് സ്വാഭാവികനീതി കിട്ടാന്‍ തടസ്സമായെന്നും റിപ്പോര്‍ട്ടിലുണ്ട്.

അദ്ധ്യാപകന്‍ അസമയത്ത് വീഡിയോ കോള്‍ ചെയ്യുന്നെന്നും ചുംബന സ്‌മൈലികള്‍ അയയ്ക്കുന്നെന്നും ചൂണ്ടിക്കാട്ടി 2021 ജൂലായിലാണ് വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പലിനു പരാതി നല്‍കിയത്. പരാതി ഒത്തുതീര്‍പ്പാക്കാനായിരുന്നു പ്രിന്‍സിപ്പലിന്റെ ശ്രമം. ഇതിനു തയ്യാറാകാതിരുന്ന വിദ്യാര്‍ത്ഥിനികള്‍ പരാതി ഗവര്‍ണര്‍ക്കു കൈമാറി. തുടര്‍ന്ന് കോളേജ് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ മുന്നില്‍ പരാതിയെത്തി. കമ്മിറ്റിയുടെ അന്വേഷണം അദ്ധ്യാപകനെ സംരക്ഷിക്കുന്നതായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇതിന് പിന്നാലെ പരാതിക്കാരായ 11 പെണ്‍കുട്ടികളെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയതിനു പുറമേ 30 ദിവസത്തേക്ക് കോളേജില്‍ നിന്നു വിലക്കുകയും ചെയ്തു. ഹൈക്കോടതിയില്‍നിന്ന് അനുമതി നേടിയാണ് പരാതിക്കാര്‍ പരീക്ഷയെഴുതാന്‍ കോളേജിലെത്തിയത്. പലര്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടു.

തുടര്‍ന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുന്നത്. അന്വേഷണത്തിന് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകനെതിരേ എത്രയും വേഗം നടപടിയെടുക്കണമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post