Thu. Mar 28th, 2024

യു എന്നില്‍ ഇന്ത്യയെ ചതിച്ച യുക്രെയിന്‍ പാകിസ്ഥാന് ആയുധങ്ങള്‍ വാരിക്കോരി നല്‍കി, റഷ്യയെ പിണക്കില്ലെന്ന മോദി സര്‍ക്കാരിന്റെ നിലപാട് ഇക്കാരണങ്ങളാല്‍

By admin Feb 26, 2022 #Modi #ukraine russia war
Keralanewz.com

ന്യൂഡല്‍ഹി : യുക്രെയിന്‍ അതിര്‍ത്തി മറികടന്ന് റഷ്യന്‍ വിമാനങ്ങള്‍ തീമഴ പെയ്യിക്കുമ്ബോള്‍ അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും ഇടപെടലാണ് യുക്രെയിന്‍ ആദ്യം കൊതിച്ചത്

എന്നാല്‍ വാക്കിനപ്പുറം പ്രവര്‍ത്തിയില്‍ ബൈഡന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ കാണാതിരുന്നതോടെ യുക്രയിന്‍ ലോക രാജ്യങ്ങളുടെ പിന്തുണ തേടി. ഇതില്‍ എടുത്ത് പറഞ്ഞ രാജ്യത്തിന്റെ പേര് ഇന്ത്യയുടേതായിരുന്നു. മോദി സര്‍ക്കാര്‍ പുടിനുമായി സംസാരിക്കണമെന്നാണ് യുക്രെയിന്‍ ആവശ്യപ്പെട്ടത്. അമേരിക്കയെ വിട്ട് യൂറോപ്യന്‍ യൂണിയനും, ഇന്ത്യ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മോദി പുടിനുമായി ആശയവിനിമയം നടത്തി. ഇന്ത്യയുടെ ഭാഗത്ത് നിന്നും രാജ്യതാത്പര്യം സംരക്ഷിക്കുന്ന നിലപാടാണ് ഇതുവരെയും ഉണ്ടായിട്ടുള്ളത്. റഷ്യ എന്ന ചിരകാല സുഹൃത്തിനെ യുക്രെയിന്‍ വിഷയത്തില്‍ നഷ്ടപ്പെടുത്താന്‍ ഇന്ത്യ ഒരുക്കമല്ല. കാരണം റഷ്യ ഇന്ത്യ എത്ര സഹായിച്ചിട്ടുണ്ടോ അതുപോലെ യുക്രയിന്‍ ഇന്ത്യയെ ഉപദ്രവിച്ചിട്ടുമുണ്ട്. അതിനെ കുറിച്ച്‌ പരിശോധിക്കാം.

1998ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ആണവ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ‘ഓപ്പറേഷന്‍ ശക്തി’ എന്ന പേരില്‍ ആണവ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ സാമ്ബത്തിക ഉപരോധമടക്കമുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ ഓടി നടന്നത് യുക്രെയിനായിരുന്നു. ആണവ പരീക്ഷണം നടത്തി ലോകത്തെ ഇന്ത്യ അമ്ബരപ്പിച്ചതിന് പിന്നാലെ യുക്രെയിനും മറ്റ് 25 രാജ്യങ്ങളും ആണവ പരീക്ഷണങ്ങളെ അപലപിച്ച്‌ യുഎന്നില്‍ പ്രമേയം കൊണ്ടു വന്നു. ഈ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത രാജ്യം കൂടിയാണ് യുക്രെയിന്‍. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ 1172ാം പ്രമേയം ഇന്ത്യയ്‌ക്കെതിരെ പാസാക്കി. ഇന്ത്യ കൂടുതല്‍ ആണവപരീക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ആണവപരീക്ഷണ നിരോധന കരാറില്‍ ഒപ്പു വയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിന് പുറമേ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും ഇന്ത്യയോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഉപരോധത്തെ അവസരമാക്കി മാറ്റുകയായിരുന്നു ഇന്ത്യ. പ്രതിരോധ മേഖലയിലടക്കം ഇറക്കുമതി ചെയ്തിരുന്ന പല വസ്തുക്കളും സ്വന്തമായി നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ വികസന കുതിപ്പിന് കാലതാമസമുണ്ടാക്കാന്‍ പോന്നതായിരുന്നു യുക്രെയിനടക്കമുള്ള രാജ്യങ്ങള്‍ മുന്‍കൈ എടുത്ത് കൊണ്ടുവന്ന പ്രമേയം. ഇന്ത്യയ്‌ക്കെതിരെ പ്രമേയവുമായി വന്ന യുക്രെയിന്‍ പാകിസ്ഥാനുമായി മികച്ച ബന്ധവും നിലനിര്‍ത്തിയിരുന്നു. പാകിസ്ഥാനുമായുള്ള ഉക്രെയ്നിന്റെ ബന്ധം ഏതാണ്ട് പൂര്‍ണ്ണമായും ആയുധങ്ങളുമായി ബന്ധപ്പെട്ടതാണ്.

ഇന്ത്യ റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുമ്ബോള്‍ പാകിസ്ഥാന്‍ യുക്രെയിനെയായിരുന്നു പതിറ്റാണ്ടുകള്‍ ആശ്രയിച്ചത്. യുദ്ധ ടാങ്കുകളടക്കമുള്ള ആയുധങ്ങളാണ് പാകിസ്ഥാന്‍ വാങ്ങിയിരുന്നത്. എന്നാല്‍ ചൈനയുമായി പാകിസ്ഥാനുള്ള ബന്ധം ഊഷ്മളമായതോടെ ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധ വ്യാപാരം കുറഞ്ഞിട്ടുണ്ട്. സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇതുവരെ യുക്രെയിന്‍ പാകിസ്ഥാന് ഏകദേശം 1.6 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉക്രെയ്നിന്റെ എക്കാലത്തെയും വലിയ ഉപഭോക്താക്കളില്‍ ഒരാളായി പാകിസ്ഥാനെ കണക്കാക്കാം.

അന്താരാഷ്ട്ര ബന്ധങ്ങളില്‍ സ്ഥിരമായ സുഹൃത്തുക്കളോ സ്ഥിരമായ ശത്രുക്കളോ ഇല്ല പകരം അവിടെ സ്ഥിരമായ താല്‍പര്യങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ റഷ്യയെ പിണക്കി യുക്രെയിന്‍ വിഷയത്തില്‍ ഇടപെട്ട് കൈയടി നേടേണ്ട ആവശ്യം ഇപ്പോള്‍ മോദി സര്‍ക്കാരിനില്ലെന്നതാണ് വസ്തുത. യു എന്നിലടക്കം ഈ വിഷയത്തില്‍ ഇന്ത്യ വ്യക്തമാക്കിയത് ആദ്യ പരിഗണന യുക്രെയിനിലെ ഇന്ത്യക്കാരെ രക്ഷിക്കുക എന്നതാണെന്ന്. യുദ്ധക്കളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്താനുള്ള വിദ്യ ഇന്ത്യയ്ക്ക് അറിയാമെന്നത് ലോകരാജ്യങ്ങള്‍ വരെ അംഗീകരിച്ച കാര്യമാണ്.

Facebook Comments Box

By admin

Related Post