Thu. Apr 25th, 2024

കോണ്‍ഗ്രസ് പുനസംഘടന; എ.ഐ.സി.സിയെ തള്ളി കെ.പി.സി.സി; മതിയായ ചര്‍ച്ച നടന്നതായി സംസ്ഥാന നേതൃത്വം

By admin Mar 2, 2022 #aicc #congress #kpcc
Keralanewz.com

കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെ നിശ്ചയിക്കാനുള്ള പട്ടിക തയ്യാറാക്കിയതില്‍ അപാകതകളുണ്ടെന്ന എ.ഐ.സി.സി വാദം തള്ളി കെ.പി.സി.സി നേതൃത്വം.

മതിയായ ആശയ വിനിമയം നടത്തിയാണ് ചുരുക്ക പട്ടിക തയാറാക്കിയതെന്ന വാദമാണ് കെ. സുധാകരനുള്ളത്. പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച്‌ അന്തിമ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് സുധാകര പക്ഷത്തിന്റെ നിലപാട്.

എം.പിമാരുടെ പരാതി പരിഗണിച്ച്‌ പുന:സംഘടന നിര്‍ത്തിവെച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ കടുത്ത അതൃപ്തിയിലാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഭാരവാഹികളുടെ കരട് ചുരുക്ക പട്ടികയ്ക്ക് എതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ശരിയല്ലെന്ന ഉറച്ച നിലപാടിലാണ് സുധാകരനും കെ.പി.സി.സി നേതൃത്വവും. മതിയായ ചര്‍ച്ച നടന്നിട്ടില്ലെന്ന വാദത്തെ ഇവര്‍ നിരാകരിക്കുന്നു. എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി വിവിധ തലത്തില്‍ കൂടിയാലോചന നടന്നു.

ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ പ്രാഥമിക പട്ടിക തയ്യാറാക്കിയത് മുതല്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നു. കെ.പി.സി.സി അധ്യക്ഷനും എം.പിമാരടക്കമുള്ളവരോട് കൂടിയാലോചിച്ചു. തുടര്‍ന്ന് കരട് പട്ടിക തയ്യാറാക്കി പ്രതിപക്ഷ നേതാവിന് പരിശോധനയ്ക്ക് നല്‍കിയതായും കെ.പി.സി.സി നേതൃത്വം ചൂണ്ടി കാണിക്കുന്നു. അന്തിമ പട്ടികയ്ക്ക് ഗ്രൂപ്പ് മാനദണ്ഡമാക്കിയിട്ടില്ല. യോഗ്യതയും പരിചയസമ്ബന്നതയും സംഘടനാപാടവുമായിരുന്നു അടിസ്ഥാനം. പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച്‌ പട്ടിക അന്തിമമാക്കാന്‍ പോകുന്നതിനിടയിലായിരുന്നു ഹൈക്കമാന്‍ഡ് ഇടപെടലെന്നുമാണ് സുധാകരനൊപ്പമുള്ള നേതാക്കളുടെ വാദം.

പട്ടിക തയാറാക്കിയതില്‍ അപാകതകളുണ്ടെന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്റെ പ്രസ്താവനയുടെ മുനയൊടിക്കാനും ഈ വിശദീകരണത്തിലൂടെ ഇവര്‍ ലക്ഷ്യം വെക്കുന്നു. എം.പിമാരടക്കമുള്ളവരുമായി ചര്‍ച്ച നടത്താനായി പ്രതിപക്ഷ നേതാവിനെ നിയോഗിച്ച നടപടിയിലും കെ.പി.സി.സി അധ്യക്ഷന് വിയോജിപ്പുണ്ട്. അതിനിടെ പുനസംഘടന തടഞ്ഞ ഹൈക്കമാന്‍ഡ് ഇടപെടലിനെ എ.ഗ്രൂപ്പ് നേതാക്കള്‍ പിന്തുണയ്ക്കുകയാണ്. നിലവിലെ പട്ടികയില്‍ കാര്യ പ്രാപ്തിയില്ലാത്തവരെ ഉള്‍പ്പെടുത്തിയെന്നാണ് എ.ഗ്രൂപ്പിന്റെ വിമര്‍ശനം. പ്രതിപക്ഷ നേതാവും കരട് പട്ടികയില്‍ തൃപ്തനല്ലെന്നാണ് സൂചനകള്‍. ഹൈക്കമാന്‍ഡ് ഇടപെടലോടെ നിലവില്‍ തയ്യാറാക്കിയ ഭാരവാഹി പട്ടികയില്‍ കാര്യമായ മാറ്റം ഉണ്ടായേക്കും

Facebook Comments Box

By admin

Related Post