Thu. Apr 25th, 2024

റെയിൽവേയുടെ നവീകരണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണം ; തോമസ് ചാഴികാടൻ എംപി

By admin Mar 15, 2022 #news
Keralanewz.com

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ഇന്ന് ഉപയോഗിക്കുന്ന കോച്ചുകൾ മഹാഭൂരിപക്ഷവും വളരെ പഴക്കം ഉള്ളവയാണ്. പ്രത്യേകിച്ച് ദീർഘദൂര ട്രെയിനുകളിലും യാത്രക്കാർ തിങ്ങി യാത്രചെയ്യുന്ന ട്രെയിനുകളിലുമെല്ലാം പഴയ ഐ.സി.എഫ് കോച്ചുകളാണ് ഉപയോഗിക്കുന്നത്. അതു മാറ്റി ജർമൻ ടെക്നോളജിയിൽ നിർമിച്ച എൽ.എച്ച്.പി കോച്ചുകൾ ട്രെയിനുകളിൽ അടിയന്തരമായി സ്ഥാപിക്കണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. റെയിൽവേയുടെ ബജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ലോക്സഭയിൽ നടന്ന ചർച്ചയിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.
കേരളത്തിൽ ഓടുന്ന കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും, കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും വളരെയേറെ ജനപ്രിയ ട്രെയിനുകളാണ്. ഈ ജനപ്രിയ ട്രെയിനുകളുടെ കോച്ചുകൾ പൂർണ്ണമായും ഐ.സി.എഫ് കോച്ചുകളാണ്. ഇതു മാറ്റി പുതിയ സി.എച്ച്.പി കോച്ചുകൾ ട്രെയിനുകളിൽ സ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിക്ക് മുമ്പുവരെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പത്രപ്രവർത്തകർക്കും അനുവദിച്ചിരുന്ന ടിക്കറ്റ് ആനുകൂല്യങ്ങൾ പുനഃസ്ഥാപിച്ചു നൽകണമെന്നും എംപി ആവശ്യപ്പെട്ടു.


കോട്ടയം, കൊല്ലം വഴി പോകുന്ന തിരുനെൽവേലി – പാലക്കാട് എക്സ്പ്രസിന് (പാലരുവി എക്സ്പ്രസ്സ്) ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ദീർഘകാലമായിട്ടുള്ള ആവശ്യമാണ്. റെയിൽവേയുടെ മാനദണ്ഡമനുസരിച്ച് യാത്രക്കാരുടെ എണ്ണം ഏറ്റുമാനൂരിൽ ഉണ്ടെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ റെയിൽവേ ബോർഡിനെ അറിയിക്കുകയും ഈ ട്രെയിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കാവുന്നതാണെന്ന് ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബഹുമാനപ്പെട്ട മന്ത്രിയെ നേരിട്ട് കണ്ട് ഈ ആവശ്യം ഉന്നയിച്ചപ്പോൾ പാലരുവി ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും സമ്മതിക്കുകയും ചെയ്തിരുന്നു എന്നാൽ ഇതുവരെയും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല ദക്ഷിണ റെയിൽവേ 2020ൽ ശുപാർശചെയ്ത ഈ കാര്യം അടിയന്തരമായി നടപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
കന്യാകുമാരി – മുംബൈ സി.എസ്.ടി ട്രയിൻ കഴിഞ്ഞ 40 വർഷമായി മുംബൈൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാർക്ക് നേരിട്ട് പോകുന്നതിന് സൗകര്യം ഉണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് ട്രയിൻ പൂനെ വരെയായി വെട്ടിച്ചുരുക്കി. പഴയ നിലയിലേക്ക് മുംബൈ വരെ ഈ സർവീസ് നിലനിർത്തണമെന്ന് എംപി ആവശ്യപ്പെട്ടു. കൂടാതെ തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് മുംബൈയിലേക്കുള്ള  ലോകമാന്യതിലക് സൂപ്പർ എക്സ്പ്രസ്സ് ആഴ്ചയിൽ രണ്ടു ദിവസം മാത്രമേ സർവ്വീസ് ഉള്ളൂ  ഇത് പ്രതിദിന സർവീസ് ആയി മാറ്റണമെന്നും എംപി ആവശ്യപ്പെട്ടു. കോവിഡിനു മുമ്പുവരെ എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് കോട്ടയം വഴി ട്രെയിൻ ഉണ്ടായിരുന്നു തീർഥാടകർക്ക് ഇത് വളരെ പ്രയോജനകരമായ ആയിരുന്നു. എന്നാൽ കോവിഡ് മൂലം പ്രസ്തുത ട്രെയിൻ ഇപ്പോൾ സർവ്വീസ് നിറുത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ എറണാകുളം വേളാങ്കണ്ണി ട്രെയിൻ പുനഃസ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു. 


മംഗലാപുരം മുതൽ തിരുവനന്തപുരം വരെ കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കൽ നടപടികൾ ഏറ്റുമാനൂർ ചിങ്ങവനം ഭാഗം ഒഴിച്ചു മുഴുവൻ പൂർത്തിയായി. കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരണവും പാതയിരട്ടിപ്പിക്കൽ ജോലിയും ഉടൻ പൂർത്തിയാകുമെന്ന് മൂന്നു പ്രാവശ്യം ഉറപ്പുനൽകിയിരുന്നു ആദ്യം 2021 ഡിസംബർ 31, 2022 മാർച്ച് 31, ഇപ്പോൾ മെയ് 31ന്  പൂർത്തിയാകുമെന്നാണ് ഡിവിഷണൽ റെയിൽവേ മാനേജരുമായി ഉള്ള യോഗത്തിൽ അറിയിച്ചിരിക്കുന്നു. നാലു വർഷമായി നടക്കുന്ന ഈ പാത ഇരട്ടിപ്പിക്കൽ ജോലികൾ ഇനിയും കാലതാമസം കൂടാതെ പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്ന് എംപി റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. കെ റെയിൽ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക ഒഴിവാക്കി പദ്ധതി നടപ്പിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post