വോട്ടർ പട്ടികയിൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു പേരു മാറ്റിയപലർക്കും രണ്ടിടത്തും വോട്ട് ഇന്നലെ മുതൽ ആരംഭിച്ച ഇ-വോട്ടർ കാർഡ് ഡൗൺലോഡ് സൗകര്യം ഉപയോഗിക്കാൻ ശ്രമിച്ചവർക്കാണ് ഒന്നിലേറെ ഇടങ്ങളിൽ വോട്ടുണ്ടെന്ന അറിയിപ്പു കിട്ടിയത്; രണ്ടിടത്ത് വോട്ടുണ്ടെങ്കിൽ ഇ-വോട്ടർ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയില്ല കാരണം സോഫ്റ്റ്വെയറിലെ പിഴവു കൊണ്ടാണെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ
തിരുവനന്തപുരം ∙ വോട്ടർ പട്ടികയിൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു പേരു മാറ്റിയ ഒട്ടേറെപ്പേർക്കു രണ്ടിടത്തും വോട്ട്. ഇന്നലെ മുതൽ ആരംഭിച്ച ഇ-വോട്ടർ കാർഡ് ഡൗൺലോഡ് സൗകര്യം ഉപയോഗിക്കാൻ ശ്രമിച്ചവർക്കാണ് ഒന്നിലേറെ ഇടങ്ങളിൽ വോട്ടുണ്ടെന്ന അറിയിപ്പു കിട്ടിയത്. രണ്ടിടത്ത് വോട്ടുണ്ടെങ്കിൽ ഇ-വോട്ടർ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. തിരഞ്ഞെടുപ്പിൽ കള്ളവോട്ടിന് ഇതു വഴിയൊരുക്കാമെന്നും പരാതിയുണ്ട്.
കഴിഞ്ഞ മാസം 31 വരെയാണ് അന്തിമ വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തെറ്റു തിരുത്താനും സ്ഥലംമാറ്റാനും അവസരമുണ്ടായിരുന്നത്. വിലാസം മാറ്റുമ്പോൾ പുതിയ സ്ഥലത്തെ പട്ടികയിൽ പേരു ചേർക്കുന്നതിനൊപ്പം പഴയ സ്ഥലത്തെ പട്ടികയിൽനിന്നു പേര് ഒഴിവാകാത്തതാണു പ്രശ്നമെന്നു ജീവനക്കാർ പറയുന്നു.
മറ്റൊരിടത്തേക്കു മാറ്റിയാലും ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ പഴയ സ്ഥലത്തുനിന്നു പേരു നീക്കം ചെയ്യേണ്ടതുണ്ട്. ഇനി പഴയ ബൂത്തിലെ പേരു നീക്കാൻ വോട്ടർമാർ ഓൺലൈനായോ നേരിട്ടോ അപേക്ഷ നൽകേണ്ടി വരുമെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നൽകുന്നത്.
കാരണം സോഫ്റ്റ്വെയറിലെ പിഴവ്: ടിക്കാറാം മീണ
സ്ഥലംമാറ്റത്തിന് അപേക്ഷിച്ചവർക്കു രണ്ടിടത്തും വോട്ടുള്ളത് സോഫ്റ്റ്വെയറിലെ പിഴവു കൊണ്ടാണെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. പുതിയ സ്ഥലത്തേക്ക് വോട്ടു മാറ്റുമ്പോൾ പഴയ സ്ഥലത്തേത് ഒഴിവാകുന്ന തരത്തിലല്ല സോഫ്റ്റ്വെയർ ക്രമീകരിച്ചിരിക്കുന്നത്. രണ്ടിടത്തെയും തഹസിൽദാർമാർ ആശയവിനിമയം നടത്തി ഒരിടത്ത് ഒഴിവാക്കുകയും മറ്റേയിടത്തു പേരു ചേർക്കുകയും വേണം. ഇതു ശ്രദ്ധിച്ചില്ലെങ്കിൽ വോട്ട് ഇരട്ടിക്കും. ഇതിനു പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.