Thu. Apr 25th, 2024

ഹൃദ്രോഗിയായ അച്ഛന്‍ ഐ.സി.യുവില്‍; നാല് കുട്ടികളെ ഇറക്കിവിട്ട് ബാങ്ക് വീട് ജപ്തിചെയ്തു

By admin Apr 3, 2022 #news
Keralanewz.com

മൂവാറ്റുപുഴ: ഹൃദ്രോഗിയായ അച്ഛന്‍ ജനറല്‍ ആശുത്രിയില്‍ ഐ.സി.യു.വില്‍ കിടക്കുമ്പോള്‍, ദളിത് കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികളടക്കം നാല് കൊച്ചുകുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തിചെയ്തു. സംഭവമറിഞ്ഞെത്തിയ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ രാത്രി പൂട്ടുപൊളിച്ച് കുട്ടികളെ വീടിനകത്തു കയറ്റി.


മൂവാറ്റുപുഴ പായിപ്ര പഞ്ചായത്ത് പേഴയ്ക്കാപ്പിള്ളി വലിയപറമ്പില്‍ അജേഷ്‌കുമാറിന്റെ വീടാണ് ശനിയാഴ്ച ഉച്ചയ്ക്ക് ജപ്തിചെയ്തത്. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ പേഴയ്ക്കാപ്പള്ളി ശാഖയില്‍നിന്ന് 2018ല്‍ വായ്പയെടുത്ത ഒരുലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് കുട്ടികളെ ഇറക്കിവിട്ട് വീട് ബാങ്ക് സീല്‍ ചെയ്തത്.


നാലുതവണ ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരേണ്ടിവന്നതിനാല്‍ അജേഷിന് വായ്പ കൃത്യമായി തിരിച്ചടയ്ക്കാനായില്ല. കുറച്ച് തുക പലപ്പോഴായി അടച്ചുവെന്ന് അജേഷ് പറയുന്നു. ഇപ്പോള്‍ ഒന്നരലക്ഷം രൂപയാണ് കുടിശ്ശികയുള്ളത്. സംഭവസമയത്ത് ഭാര്യ അജേഷിനൊപ്പം ആശുപത്രിയിലായിരുന്നു. നാലുമക്കളില്‍ 10ല്‍ പഠിക്കുന്ന മൂത്ത ആണ്‍കുട്ടി പഠനാവശ്യത്തിനായി പോയിരിക്കുകയായിരുന്നു. പിന്നെയുള്ളത് ഏഴില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും അഞ്ചില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമാണ്.


അത്യാവശ്യം തുണിയും മറ്റും എടുത്തുകൊള്ളാന്‍ പറഞ്ഞ് പോലീസും വക്കീലും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് ഇവരെ ഇറക്കിവിട്ട് വീട് പൂട്ടി സീല്‍ ചെയ്യുകയായിരുന്നുവെന്ന് പായിപ്ര പഞ്ചായത്ത് ഉപസമിതി ചെയര്‍മാന്‍ എം.സി. വിനയന്‍ പറഞ്ഞു. പഞ്ചായത്തില്‍ നിന്ന് കിട്ടിയ നാലു സെന്റിലാണ് കുടുംബം കഴിയുന്നത്. ഫോട്ടോഗ്രാഫറായിരുന്ന അജേഷ് രോഗിയോയതോടെ ജോലിക്കുപോകാന്‍ കഴിയാതായി.


പഞ്ചായത്തംഗങ്ങളായ നജി ഷാനവാസ്, ഷാഫി മുതിരക്കാലായില്‍, മുന്‍ അംഗങ്ങളായ കെ.പി. ഉമ്മര്‍, പി.എ. കബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിച്ചു.
കോടതിയാണ് നടപടി സ്വീകരിച്ചതെന്നും ഗൃഹനാഥന്‍ ആശുപത്രയിലാണെന്ന് അറിഞ്ഞ ഉടന്‍ താക്കോല്‍ തിരികെ നല്‍കാന്‍ ശ്രമിച്ചെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. അതനുസരിച്ച് മൂവാറ്റുപുഴ ഡിവൈ.എസ്.പി. ഓഫീസില്‍ താക്കോല്‍ നല്‍കുകയും ചെയ്തു. അടഞ്ഞുകിടന്ന വീട്ടില്‍ നടപടി പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തത്. കുട്ടികളെ ഇറക്കിവിട്ടിട്ടില്ല. പ്രശ്‌നം രാഷ്ട്രീയവത്കരിക്കുകയാണെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു

Facebook Comments Box

By admin

Related Post