Wed. Apr 24th, 2024

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ രണ്ടുവഴി നടപ്പാക്കാന്‍ ശുപാര്‍ശ

By admin Apr 15, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയര്‍ത്തുന്നത് രണ്ടുവിധത്തില്‍ നടപ്പാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ദൗത്യസംഘം ശുപാര്‍ശചെയ്തു. നിയമം ആദ്യം വിജ്ഞാപനംചെയ്യുക, തുടര്‍ന്ന് രണ്ടുവര്‍ഷത്തിനുശേഷം പ്രാബല്യത്തില്‍ വരുത്തുക എന്നതാണ് ഒന്നാമത്തെ മാര്‍ഗം. വിവാഹപ്രായം ഓരോ വര്‍ഷവും ഓരോവയസ്സുകൂട്ടി വിജ്ഞാപനംചെയ്ത് മൂന്നുവര്‍ഷത്തിനുള്ളില്‍ പരിധി 21 ആക്കുകയാണ് രണ്ടാമത്തെ വഴി


നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയും സമൂഹത്തിന്റെ സ്വീകാര്യത ഉറപ്പാക്കുകയും വേണമെന്ന് സമത പാര്‍ട്ടി മുന്‍അധ്യക്ഷ ജയ ജെയ്റ്റ്‌ലി അധ്യക്ഷയായ ദൗത്യസംഘത്തിന്റെ ശുപാര്‍ശയില്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധനയ്ക്കായി പാര്‍ലമെന്ററിസമിതിക്ക് വിട്ടു. സമിതിയുടെ അന്തിമറിപ്പോര്‍ട്ടനുസരിച്ച് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്ലുവരാനാണ് സാധ്യത. വനിതാ എം.പി.മാരോടും സംഘടനകളോടുമൊക്കെ സമഗ്രചര്‍ച്ചനടത്തിമാത്രമേ വിവാഹപ്രായം ഉയര്‍ത്താവൂവെന്ന് വനിതശിശുക്ഷേമ പാര്‍ലമെന്ററി സമിതിക്കുമുമ്പാകെ ടി.എന്‍. പ്രതാപന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പക്വതനേടാന്‍ വിവാഹപ്രായം ഉയര്‍ത്തുന്നത് സഹായിക്കുമെന്നാണ് ദൗത്യസംഘത്തിന്റെ നിരീക്ഷണം. ലിംഗ അസമത്വം വലിയതോതില്‍ സമൂഹത്തിലുണ്ട്

പെണ്‍കുട്ടികള്‍ക്ക് വ്യക്തിപരമായി മുന്നേറാനുള്ള അവസരങ്ങളുടെ അഭാവം, പുരുഷമേധാവിത്വം, പാരമ്പര്യരീതികള്‍, ദരിദ്രമായ കുടുംബസാഹചര്യം തുടങ്ങിയവയാണ് ശൈശവ വിവാഹങ്ങള്‍ക്കുകാരണം. ഇവ ഗൗരവമായി കാണണം. വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി, ജീവിതത്തിലെ നിര്‍ണായക തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയില്‍ ആണ്‍കുട്ടികള്‍ക്കുതുല്യമായ അവകാശം പെണ്‍കുട്ടികള്‍ക്കുണ്ടാവണം. പ്രായപൂര്‍ത്തിക്കുമുമ്പുള്ള വിവാഹം പെണ്‍കുട്ടികളുടെ ആരോഗ്യത്തെ മാത്രമല്ല, വിദ്യാഭ്യാസത്തെയും വ്യക്തിവികാസത്തെയും ബാധിക്കുന്നുണ്ട്. ഇതിനൊക്കെ മാറ്റം കൊണ്ടുവരാന്‍ 2006ലെ ശൈശവവിവാഹ നിരോധനനിയമത്തില്‍ ഭേദഗതി അനിവാര്യമാണ് സമിതി വ്യക്തമാക്കി.

മറ്റു പ്രധാന ശുപാര്‍ശകള്‍

* വിവാഹം കഴിക്കാത്ത 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കായുള്ള സാമ്പത്തികാനുകൂല്യങ്ങള്‍ 21 വയസ്സുവരെയാക്കുക.
* ഉഡാന്‍, പ്രഗതി പദ്ധതികളില്‍ എന്‍ജിനിയറിങ്, സാങ്കേതിക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഒരു വിദ്യാര്‍ഥിനിക്ക് 10,000 രൂപയാക്കുക.
* ഉന്നതവിദ്യാഭ്യാസത്തിന് ഒരു പെണ്‍കുട്ടിക്ക് 5000 രൂപ എന്ന നിലയില്‍ മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് നല്‍കുക
* സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യയാത്ര, യാത്രാ ഇളവ് നല്‍കുക
* പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷത്തിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുക
* കേന്ദ്രസംസ്ഥാന സര്‍വകലാശാലകളില്‍ മാനേജ്‌മെന്റ്, നിയമം ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളില്‍ വനിതാക്വാട്ട അനുവദിക്കുക.
* പെണ്‍കുട്ടികള്‍ക്ക് ടാബ്‌ലെറ്റും ലാപ്‌ടോപ്പും ലഭ്യമാക്കുക.
* ഉന്നത വിദ്യാഭ്യാസത്തില്‍ വഴികാട്ടാന്‍ കൗണ്‍സലിങ് ഹെല്‍പ്പ്‌ലൈന്‍, ഓണ്‍ലൈന്‍ കൗണ്‍സലിങ് പോര്‍ട്ടല്‍, മെന്ററിങ് പ്രോഗ്രാം തുടങ്ങിയവ നടപ്പാക്കുക

Facebook Comments Box

By admin

Related Post