Fri. Mar 29th, 2024

യുഡിഎഫ് നടുക്കടലില്‍ ; ഒരാഴ്‌ചയ്‌ക്കുള്ളില്‍ യുഡിഎഫ്‌ വിട്ടത്‌ രണ്ട്‌ നേതാക്കള്‍ ; അടുത്തത് ആര് ?

By admin May 20, 2022 #news
Keralanewz.com

കൊച്ചി
തൃക്കാക്കരയിലെ സ്ഥാനാര്‍ഥിനിര്‍ണയത്തിലെ വി ഡി സതീശന്റെയും കെ സുധാകരന്റെയും ഏകാധിപത്യശൈലിക്കെതിരെ വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ പരസ്യമായി രംഗത്തുവരുമെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ് എല്‍ഡിഎഫ് വേദിയില്‍ വന്നു പറഞ്ഞിട്ട് ഒരാഴ്ചയാകുംമുമ്ബ് ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരനും കോണ്‍ഗ്രസ് വിട്ടു.

ഉപതെരഞ്ഞെടുപ്പിനിടെ എറണാകുളത്തെ കോണ്‍ഗ്രസിനോട് വിടപറഞ്ഞ രണ്ടാമത്തെ നേതാവാണ് മുരളീധരന്‍. മൂന്നുവട്ടം കോര്‍പറേഷന്‍ കൗണ്‍സിലറായ ഇദ്ദേഹം തൃക്കാക്കര മണ്ഡലത്തില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലെ മുന്‍നിര നേതാവാണ്.

പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനശൈലിയോട് യോജിക്കാന്‍ കഴിയുന്നില്ലെന്നും കുറച്ചുദിവസമായി പാര്‍ടി വിടുന്ന കാര്യം ആലോചിക്കുകയായിരുന്നുവെന്നുമാണ് എം ബി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. വിയോജിപ്പുള്ള ഒട്ടേറെ നേതാക്കള്‍ പാര്‍ടിയിലുണ്ടെന്നും അടുത്തദിവസം അവരും പരസ്യമായി പറയുമെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.

രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ തൃക്കാക്കരയുടെ വികസനം തടയുന്നതിനെതിരെയും പാര്‍ടിയില്‍ ചര്‍ച്ച ചെയ്യാതെ സതീശനും സുധാകരനും സ്ഥാനാര്‍ഥിയെ തീരുമാനിച്ചതിനുമെതിരെ തെരഞ്ഞെടുപ്പുവിജ്ഞാപനം വരുംമുമ്ബുതന്നെ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉരുണ്ടുകൂടിയിരുന്നു. ആദ്യ വെടിപൊട്ടിച്ചത് യുഡിഎഫ് ജില്ലാ ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ഡൊമിനിക് പ്രസന്റേഷനാണ്.

സഹതാപംകൊണ്ട് തൃക്കാക്കരയില്‍ ജയിച്ചുകയറില്ലെന്നും സാമൂഹിക സമവാക്യങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു. ബെന്നി ബഹനാന്‍ എംപി, കെ ബാബു എംഎല്‍എ എന്നിവരും എ ഗ്രൂപ്പ് സീറ്റില്‍ ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ച രീതിയെ പാര്‍ടിക്കകത്ത് ശക്തമായി വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരസ്യമായ തര്‍ക്കം ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടപെട്ട് വെടിനിര്‍ത്തലുണ്ടാക്കിയെങ്കിലും പാര്‍ടിക്കകത്ത് നില്‍ക്കുന്ന പ്രതിസന്ധിയാണ് 12ന് കെ വി തോമസിലൂടെയും വ്യാഴാഴ്ച എം ബി മുരളീധരനിലൂടെയും പുറത്തുവന്നത്. അച്ചടക്കനടപടി ഭയന്നാണ് പലരും പരസ്യപ്രതിഷേധത്തിന് തയ്യാറാകാത്തതെന്ന് കെ വി തോമസ് പറഞ്ഞത് ശരിവയ്ക്കുന്നതാണ് സമീപകാല സംഭവങ്ങള്‍

Facebook Comments Box

By admin

Related Post