Sat. Apr 20th, 2024

മാതൃകയായ കോവിഡ് പ്രതിരോധം;കോട്ടയം കളക്ടർ എം.അഞ്ജന സ്ഥാനമൊഴിയുന്നു

By admin Jul 9, 2021 #news
Keralanewz.com

കോട്ടയം: കോവിഡ് പ്രതിരോധം, ചികിത്സ, ബോധവത്കരണം എന്നിവയിൽ വേറിട്ട മാതൃകകൾ സൃഷ്ടിച്ച കളക്ടർ എം.അഞ്ജന അടുത്തയാഴ്ച ചുമതല ഒഴിയും. പൊതുഭരണവകുപ്പ് ജോയിന്റ് സെക്രട്ടറി, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എന്നീ പദവികളിലേക്കാണ്‌ അവർ പോകുന്നത്.

2020 ജൂൺ മൂന്നിന് ചുമതലയേറ്റ എം.അഞ്ജന കോവിഡ് ചികിത്സയ്ക്കും പരിചരണത്തിനും വിപുലമായ സൗകര്യങ്ങൾ സജ്ജമാക്കി. രണ്ടാം തരംഗത്തെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിച്ച് കൈയടിനേടിയാണ്‌ മടങ്ങുന്നത്.

ക്വാറന്റീനിൽ കഴിയുന്നവർക്കും കോവിഡ് സാഹചര്യത്തിൽ മാനസിക സമ്മർദം നേരിടുന്നവർക്കും പിന്തുണ നൽകുന്ന കാമ്പയിനുകൾ ശ്രദ്ധനേടി.

2020-ലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും നടപടികൾ ഏകോപിപ്പിച്ച കളക്ടർ 2020-ലെ കാലവർഷ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. എല്ലാ വിഭാഗം ആളുകളുടെയും സഹകരണമാണ് കോവിഡ് പ്രതിരോധവും ചികിത്സാ സംവിധാനവും കാര്യക്ഷമമായി മുമ്പോട്ടുകൊണ്ടുപോകാൻ സഹായിച്ചതെന്ന് കളക്ടർ പറഞ്ഞു. രോഗവ്യാപനം ഇനിയും നിയന്ത്രണവിധേയമായിട്ടില്ല. അതുകൊണ്ടുതന്നെ ജാഗ്രത തുടരേണ്ടത് അനിവാര്യമാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും സംഘടനകളുമൊക്കെ സേവനത്തിൽ സജീവമാണ്. ഇതുവരെ 9,32,115 ഡോസ് വാക്‌സിൻ വിതരണംചെയ്തു. ലഭ്യതയനുസരിച്ച് എല്ലാവർക്കും നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്-കളക്ടർ പറഞ്ഞു.

Facebook Comments Box

By admin

Related Post