Fri. Apr 19th, 2024

ലക്ഷദ്വീപ് വിഷയം:നടൻ പൃഥിരാജിനെ ചോദ്യം ചെയ്യും

By admin Jul 12, 2021 #news
Keralanewz.com

കൊച്ചി:അപ്രതീക്ഷിതമായി ഐഷയുടെ കാക്കനാട്ടെ വാടക ഫ്ളാറ്റിൽ എത്തി കഴിഞ്ഞ ദിവസം ലക്ഷദ്വീപ് പൊലീസ് പരിശോധന നടത്തിയിരുന്നു .പരിശോധനയില്‍ ഐഷയുടെ ലാപ്‌ടോപ്പ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഐഷയെ രണ്ടു തവണ ചോദ്യം ചെയ്തു വിട്ടയച്ച ശേഷം കൂടുതല്‍ നിയമവശങ്ങള്‍ പരിശോധിച്ച ശേഷമാണ് കവരത്തി പോലീസ് കൊച്ചിയില്‍ എത്തിയത്

ഐഷയിൽ നിന്ന് നടൻ പൃഥിരാജിലേക്കാണ് അന്വേഷണം പോകുന്നതെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ രംഗത്തുവരികയും അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത പൃഥ്വിരാജിന്റെ മൊഴി പോലീസ് എടുക്കും. ഐഷ ഫാത്തിമയുടെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം അന്വേഷിക്കുന്ന സംഘമാണ് പൃഥ്വിയുടെയും മൊഴി എടുക്കുക. ഇക്കാര്യത്തില്‍ കവരത്തി പോലീസ് പൃഥ്വിരാജിനെ ബന്ധപ്പെട്ടെങ്കിലൂം ഷൂട്ടിങ്ങ് തിരക്കുകള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. അടുത്ത ദിവസങ്ങളില്‍ തന്നെ പൃഥ്വിയുടെ മൊഴി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രമുഖ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പൃഥ്വിയും ഐഷ സുല്‍ത്താനയുമായി ആശയവിനിമയം നടത്തിയിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഐഷയുടെ സുഹൃത്തായ തീവ്രവാദ ബന്ധമുള്ള ഒരാളെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇയാളാണേ ഇത്തരത്തില്‍ വ്യാജസന്ദേശങ്ങളുടെ ടൂള്‍കിറ്റ് ഉണ്ടാക്കി പ്രചരിപ്പിച്ചതെന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

പൃഥ്വിരാജിന്റെ ലക്ഷദ്വീപ് പോസ്റ്റിന് പിന്നാലെ സമാനസ്വഭാവമുള്ള പോസ്റ്റുകള്‍ നിരവധി താരങ്ങളും സാംസ്‌കാരിക നായകര്‍ എന്നു പറയുന്നവരും ഇട്ടിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ വ്യാജപ്രചരണം നടത്തിയത്. പൃഥ്വിരാജ് നിരവധി പേര്‍ അഭ്യര്‍ത്ഥിച്ചിട്ടാണ് ലക്ഷദ്വീപ് പോസ്റ്റ് ഇട്ടതെന്നാണ് അന്നു പറഞ്ഞത്. ആ പോസ്റ്റില്‍ മുഴുവന്‍ ഉണ്ടായിരുന്നത് വ്യാജ പ്രചരണമായിരുന്നുവെന്ന് പോലീസും കളക്ടറും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വ്യാജ സന്ദേശം ആരില്‍ നിന്നു ലഭിച്ചുവെന്ന് അറിയാനാണ് പൃഥ്വിയുടെ മൊഴി എടുക്കാന്‍ പോലീസ് തീരുമാനിച്ചത്. സഹകരിച്ചില്ലെങ്കില്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയ നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

പൃഥ്വിരാജ് അന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടത്തിയ ഒരു വിനോദയാത്രയില്‍ നിന്നാണ് ലക്ഷദ്വീപ് എന്ന മനോഹരമായ ദ്വീപുസമൂഹത്തെക്കുറിച്ചുള്ള എന്റെ ഓര്‍മകള്‍ തുടങ്ങുന്നത്. വൈഢൂര്യം പോലെ തിളങ്ങുന്ന നീലക്കടലും സ്ഫടികം പോലെ തെളിയുന്ന കായലുകളും തെല്ലൊരു അമ്പപ്പോടെ നോക്കി നിന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം, സച്ചിയുടെ അനാര്‍ക്കലിയിലൂടെ സിനിമയെ വീണ്ടും ദ്വീപിലെത്തിച്ച അണിയറപ്രവര്‍ത്തകരുടെ ഭാഗമായി ഞാന്‍. രണ്ടു മാസം ഞാന്‍ കവരത്തിയില്‍ ചെലവഴിച്ചു. ജീവിതകാലം നീണ്ടു നില്‍ക്കുന്ന സുഹൃത്തുക്കളെയും ഒരുപാടു ഓര്‍മകളുമാണ് ഈ കാലയളവില്‍ ഞാന്‍ സ്വന്തമാക്കിയത്. രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ വീണ്ടും ലക്ഷദ്വീപിലെത്തി. എന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫറിലെ വെല്ലുവിളി നിറഞ്ഞ ഒരു സീക്വന്‍സ് ചിത്രീകരിക്കുന്നതായിരുന്നു ആ യാത്ര. ലക്ഷദ്വീപുവാസികളുടെ ഊഷ്മളതയും സഹകരണവും കൊണ്ടു മാത്രമാണ് ആ രണ്ട് ചിത്രീകരണങ്ങളും സാധ്യമായത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലക്ഷദ്വീപിലെ എനിക്ക് പരിചയമുള്ളവരും അല്ലാത്തവരുമായ നിരവധി പേരില്‍ നിന്ന് എനിക്ക് നിരന്തരമായി അഭ്യര്‍ത്ഥനകളും സന്ദേശങ്ങളും ലഭിക്കുന്നു. ദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ പുറംലോകത്ത് എത്തിക്കുന്നതിന് സഹായിക്കണം എന്നതാണ് അവരുടെ ആവശ്യം. ലക്ഷദ്വീപിനെക്കുറിച്ചോ അവിടെ നടപ്പാക്കിയ വിചിത്രമായ ‘പരിഷ്‌കാരങ്ങളെ’ക്കുറിച്ചോ സുദീര്‍ഘമായി ഉപന്യസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഓണ്‍ലൈനില്‍ അവ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് വായിക്കാം.

ഞാന്‍ സംസാരിക്കുകയും ബന്ധപ്പെടുകയും ചെയ്ത ദ്വീപുവാസികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്, ഇപ്പോള്‍ ദ്വീപില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അവര്‍ സന്തുഷ്ടരല്ല എന്നാണ്. നിയമമോ ഭേദഗതിയോ പരിഷ്‌കാരങ്ങളോ എന്തുമാകട്ടെ ആത്യന്തികമായി അത് നാടിനു വേണ്ടിയല്ല, അവിടത്തെ ജനങ്ങള്‍ക്കു വേണ്ടിയാകണം എന്നാണ് ഞാന്‍ ശക്തമായി വിശ്വസിക്കുന്നത്.

ഭൂമിശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ അതിര്‍ത്തികളല്ല ഒരു സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ നിര്‍വചിക്കുന്നത്. മറിച്ച്, അവിടെ ജീവിക്കുന്ന ജനങ്ങളാണ്. നൂറ്റാണ്ടുകളായി സമാധാനത്തോടെ പുലര്‍ന്നിരുന്ന ഒരു ജനസമൂഹത്തിന്റെ ജീവിതരീതിയെ തടസപ്പെടുത്തുന്നത് പുരോഗതിയുടെ സ്വീകാര്യമാര്‍ഗമായി മാറുന്നത് എങ്ങനെയാണ്? ഭാവിയില്‍ സംഭവിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ, അതിലോലമായ ദ്വീപിന്റെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും?

എനിക്ക് നമ്മുടെ വ്യവസ്ഥാപിതമായ ഭരണകൂടത്തില്‍ വിശ്വാസമുണ്ട്. അതിനേക്കാളെറെ നമ്മുടെ ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്. നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു അധികാര കേന്ദ്രമെടുത്ത തീരുമാനങ്ങളില്‍ ഒരു സമൂഹം അസന്തുഷ്ടരാണെങ്കില്‍, അതിനെതിരെ ലോകത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധ കൊണ്ടുവരുന്നതിന് അവര്‍ ശക്തമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ എനിക്കു തോന്നുന്നു അക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കാതെ മറ്റു മാര്‍ഗങ്ങളില്ല എന്നാണ്.

അതിനാല്‍, ലക്ഷദ്വീപുവാസികളുടെ ശബ്ദം കേള്‍ക്കണമെന്ന് ഞാന്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു. അവരുടെ നാടിന് എന്താണ് നല്ലതെന്ന് അവര്‍ക്കറിയാം. അവരെ വിശ്വസിക്കൂ. ഭൂമിയിലെ ഏറ്റവും സുന്ദരമായ ഇടങ്ങളിലൊന്നാണ് ഇത്… അതിനേക്കാളെറെ സുന്ദരമായ ജനങ്ങളാണ് അവിടെ പാര്‍ക്കുന്നത്!

Facebook Comments Box

By admin

Related Post