പൊൻകുന്നം ടൗൺ തെരുവ് നായ്ക്കളുടെ പിടിയിൽ
പൊൻകുന്നം: രാപകൽ വിത്യാസമില്ലാതെ പൊൻകുന്നം ടൗണും പരിസര പ്രദേശങ്ങളും തെരുവ് നായക്കളുടെ പിടിയിൽ. ടൗണിൻ്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂട്ടം കൂട്ടമായി തമ്പടിച്ചിരിക്കുന്ന നായ് കൂട്ടങ്ങൾ പൊതുജനങ്ങൾക്ക് ഭീഷണിയായിരിക്കുകയാണ്.പൊൻകുന്നം ബസ് സ്റ്റാൻഡ്’, രാജേന്ദ്ര മൈതാനം, പി.പി.റോഡ്, പഴയചന്ത, മണിമല റോഡ് ഇവിടങ്ങളെല്ലാം ഇവയുടെ വിഹാരകേന്ദ്രങ്ങളാണ്. രാത്രി കാലങ്ങളിൽ ഇവയെ പേടിച്ചുള്ള കാൽനടയാത്ര ഏറെ ദുഷ്കരമാണ്
ചിറക്കടവ് പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ജനനനിരക്ക് നിയന്ത്രിക്കുന്നതിനുള്ള എ.ബി.സി സംവിധാനമില്ലാത്തത് ഇവയുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിന് കാരണമാകുന്നു. സംഘം ചേർന്ന് നടക്കുന്ന തെരുവ് നായ്ക്കൾ പുലർച്ചയും രാത്രി കാലങ്ങളിലും കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്. ടൗണിനോട് ചേർന്നുള്ള കുഴിക്കാട്ട് പടിയിൽ നിരവധി വീടുകളിലെ കോഴികളെ സംഘമായി എത്തുന്ന പട്ടികൾ പിടിച്ചു കൊണ്ടുപോയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂളിൽ പോകുന്ന കൊച്ചുകുട്ടികൾ പലപ്പോഴും പട്ടിശല്യം പേടിച്ച് മുതിർന്നവരുടെ സഹായത്തോടെയാണ് പോകുന്നത്. ടൗണിൻ്റെ ഓരോ മേഖലയും കൈയ്യടക്കി വെച്ചിരിക്കുന്ന നായക്കൂട്ടങ്ങൾ തമ്മിൽ കടിപിടികൂടുക പതിവാണ്. സംഘമായി എത്തുന്ന ഇവയെ ഒന്നോ രണ്ടോ പേർ ചേർന്ന് ചെറുത്തു നിൽക്കുക അസാധ്യമാണ്.
ബുധനാഴ്ച പൊൻകുന്നം ടൗണിൽ തെരുവുനായ്ക്കൾ നിരവധി പേരെ ആക്രമിച്ചതോടെ ജനങ്ങളും ആശങ്കയിലാണ്.
ഒറ്റ ദിവസം നിരവധി പേരെ നായ്ക്കൾ കടിച്ചതോടെ പേപ്പട്ടിയാണോയെന്ന സംശയമുയർന്നിട്ടുണ്ട്.അങ്ങനെയെങ്കിൽ അത് കൂടുതൽ നായ്ക്കളിലേക്ക് ബാധിച്ചാൽ ജനക്കൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ഇക്കാര്യത്തിൽ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിച്ചാൽ ഏറെ ഉപകരപ്രദമായിരിക്കും. തെരുവ് നായ്ക്കളുടെ ജനനനിരക്ക് നിയന്ത്രിക്കന്നതിനായുള്ള എ.ബി.സി സംവിധാനം ആരംഭിച്ചാൽ തെരുവ് നായ്ക്കളുടെ എണ്ണം പെരുകുന്നത് തടയുവാൻ കഴിയും.തെരുവ് നായ്ക്കളുടെ ശല്യം തടയുന്നതിന് ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വഴിയാത്രക്കാരും പൊതുജനങ്ങളും