Fri. Apr 19th, 2024

വീട്ടുമുറ്റത്തെ ഷെഡില്‍നിന്നു പുറത്തിറക്കിയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട്‌ കുതിച്ചതു കിണറ്റിലേക്ക്‌! സംരക്ഷണഭിത്തിയിലിരുന്ന രണ്ട്‌ കുട്ടികള്‍ കിണറ്റില്‍ വീണു

By admin Jul 13, 2021 #news
Keralanewz.com

കൂരാലി (കോട്ടയം) : വീട്ടുമുറ്റത്തെ ഷെഡില്‍നിന്നു പുറത്തിറക്കിയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട്‌ കുതിച്ചതു കിണറ്റിലേക്ക്‌! സംരക്ഷണഭിത്തിയിലിരുന്ന രണ്ട്‌ കുട്ടികള്‍ കിണറ്റില്‍ വീണു. പിതൃസേഹാദരന്‍ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയ കുട്ടികള്‍ക്കു പരുക്കില്ല. സംരക്ഷണഭിത്തിയുെട ഒരുഭാഗം തകര്‍ത്ത കാര്‍, വലതുചക്രമുള്‍പ്പെടെ കിണറ്റിലേക്കു ചരിഞ്ഞാണു നിന്നത്‌. തലനാരിഴയിടയ്‌ക്ക്‌ വന്‍ദുരന്തം ഒഴിവായപ്പോഴും പനമറ്റം, ഇലവനാല്‍ മുഹമ്മദ്‌ ഷബീറിനും കുടുംബത്തിനും നടുക്കം മാറിയിട്ടില്ല.


ഇന്നലെ രാവിലെ എട്ടിനു മുഹമ്മദ്‌ ഷബീര്‍ മുറ്റത്തെ ഷെഡില്‍നിന്നു കാര്‍ പുറത്തേക്കിറക്കവേ അബദ്ധത്തില്‍ കുതിച്ചുനീങ്ങുകയായിരുന്നു. 15 അടി ദൂരത്തിലുള്ള കിണറിന്റെ സംരക്ഷണഭിത്തി തകര്‍ത്താണു കാര്‍ നിന്നത്‌. ഈ സമയം ഷബീറിന്റെ മകള്‍ ഷിഫാന(14)യും ഷബീറിന്റെ അനുജന്‍ സത്താറിന്റെ മകന്‍ മുഫസി(നാലര)നും ഇരുമ്പവലയിട്ട കിണറിന്റെ സംരക്ഷണഭിത്തിയില്‍ ഇരിക്കുകയായിരുന്നു. ഭിത്തിയുടെ ഒരുഭാഗം തകര്‍ന്നപ്പോള്‍ ഇരുവരും 32 അടി ആഴമുള്ള കിണറ്റില്‍ വീണു. എട്ടടിയോളം വെള്ളമുണ്ടായിരുന്നു.
അഞ്ചടി പൊക്കമുള്ള സംരക്ഷണഭിത്തി തകര്‍ന്ന്‌, കാറിന്റെ വലതുമുന്‍ചക്രമുള്‍പ്പെടെ കിണറിന്റെ നടുവിലായി. ശബ്‌ദം കേട്ട്‌ ഓടിയെത്തിയ ഷബീറിന്റെ ജ്യേഷ്‌ഠന്‍ ഇ.ജെ. സക്കീര്‍ഹുസൈന്‍ മൗലവി പൈപ്പിലൂടെ കിണറ്റിലേക്ക്‌ ഊര്‍ന്നിറങ്ങി കുട്ടികളെ വെള്ളത്തില്‍നിന്ന്‌ ഉയര്‍ത്തിനിര്‍ത്തി
.

ഡ്രൈവിങ്‌ സീറ്റിലായിരുന്ന ഷബീര്‍ ഇടതുവാതിലിലൂടെ പുറത്തിറങ്ങി. കുട്ടികളുടെ മുത്തച്‌ഛന്‍ ആസാദ്‌, അനസ്‌ മുഹമ്മദ്‌, ഷിഹാബ്‌, മുജീബ്‌ മൗലവി, നിസാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ കയറില്‍ കസേര കെട്ടിയിറക്കി ഷിഫാനയെ കരയ്‌ക്കുകയറ്റി.
സക്കീര്‍ ഹുസൈനെയും മുഫസിനെയും കാഞ്ഞിരപ്പള്ളിയില്‍നിന്ന്‌ എത്തിയ അഗ്നിശമനസേനാ യൂണിറ്റ്‌ വലയില്‍ കയറ്റിയാണു കരയിലെത്തിച്ചത്‌. കുട്ടികളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ പരിശോധന നടത്തി. കിണറ്റിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയ സക്കീര്‍ഹുസൈന്‍ മൗലവി കാഞ്ഞിരപ്പള്ളി ബസ്‌ സ്‌റ്റാന്‍ഡ്‌ പള്ളിയിലെ ഇമാമാണ്‌.

Facebook Comments Box

By admin

Related Post