Fri. Apr 19th, 2024

സ്ഥാനമാനങ്ങളെച്ചൊല്ലിജോസഫ് വിഭാഗത്തിലുണ്ടായപൊട്ടിത്തെറിക്ക് പിന്നാലെ സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ നേതൃത്വം;ഇടഞ്ഞു നിൽക്കുന്ന നേതാക്കളിൽ ചിലർ ജോസ് കെ മാണിയുമായി ചർച്ച നടത്തി

By admin Jul 14, 2021 #news
Keralanewz.com

തൊടുപുഴ: സ്ഥാനമാനങ്ങളെച്ചൊല്ലി കേരള കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനാലോചിച്ച് നേതൃത്വം. സംഘടനാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനകമ്മിറ്റിയുടെ എണ്ണം നാനൂറാക്കി ചുരുക്കാനാണ് ആലോചന.

നിലവിൽ ആയിരത്തോളംപേരാണ് സംസ്ഥാന കമ്മിറ്റിയിലുള്ളത്. കേരള കോൺഗ്രസ് പാർട്ടികളുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കമ്മിറ്റി. നേതാക്കളുടെ ബാഹുല്യമുള്ള ഈ ജംബോ കമ്മിറ്റി അധികാരവടംവലിക്ക് കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി അംഗത്വവിതരണം നടത്തി തിരഞ്ഞെടുപ്പിലൂടെ നേതാക്കളെ തിരഞ്ഞെടുക്കാനാണ് ശ്രമം. തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വാർഡ് കമ്മിറ്റിമുതൽ സംസ്ഥാനകമ്മിറ്റിവരെ പുനഃസംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

നേരത്തേ, കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരിനിടെ കൂടുതൽപേരെ ഒപ്പം നിർത്താനായി പി.ജെ.ജോസഫ് പലർക്കും സംസ്ഥാനകമ്മിറ്റി അംഗത്വമടക്കമുള്ള സ്ഥാനങ്ങൾ നൽകിയിരുന്നു. മറ്റ് കേരള കോൺഗ്രസ് പാർട്ടികളിൽനിന്ന് ജോണി നെല്ലൂരും ഫ്രാൻസിസ് ജോർജുമടക്കമുള്ള നേതാക്കളെത്തിയപ്പോൾ അവരുടെ ഒപ്പമുള്ളവരെയും ഉൾക്കൊള്ളിച്ചു.

പിന്നാലെ പി.സി.തോമസിന്റെ കേരള കോൺഗ്രസിൽ ലയിക്കുകയും ചെയ്തതോടെ അവർക്കും സ്ഥാനങ്ങൾ നൽകി. ഇതോടെയാണ് സംസ്ഥാനകമ്മിറ്റിയംഗങ്ങളുടെ എണ്ണം ആയിരം കടന്നത്. സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായെങ്കിലും അർഹമായ സ്ഥാനം ലഭിക്കാത്തതിനെത്തുടർന്ന് നേതാക്കൾക്കുള്ളിൽ ഉടലെടുത്ത അതൃപ്തി ഇനിയും പരിഹരിക്കാനായിട്ടില്ല. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗവും മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള മറുവിഭാഗവുമായാണ് പ്രധാനമായും അധികാരവടംവലി നടക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തിയാലും തങ്ങൾക്ക് അർഹമായ പ്രാധാന്യം ലഭിക്കുമോ എന്ന ആശങ്ക ഒരു വിഭാഗത്തിനുണ്ട്. അതിനിടെ ചില നേതാക്കൾ ജോസ് വിഭാഗത്തോട് അടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഒരു മുൻ ജനപ്രതിനിധിയും ഈവഴിക്ക് നീങ്ങുന്നതായാണ് വിവരം. എന്നാൽ, നേതാക്കളുടെ വരവിനോട് അധികം താത്‌പര്യമില്ല എന്ന പ്രതികരണമാണ് ഇതുസംബന്ധിച്ച് ജോസ് പക്ഷം നൽകുന്നത്.

Facebook Comments Box

By admin

Related Post