കൊല്‍ക്കത്ത: മൊബൈല്‍ ഗെയിമിങ് ആപ്ലിക്കേഷന്‍ തട്ടിപ്പ് കേസില്‍ പശ്ചിമബംഗാളില്‍ ഇഡി നടത്തിയ റെയ്ഡില്‍ ഏഴ് കോടി രൂപ പിടിച്ചെടുത്തു.
കൊല്‍ക്കത്തയില്‍ ആറിടങ്ങളിലായാണ് ഇഡി റെയ്ഡ് നടത്തിയത്. കൊല്‍ക്കത്ത സ്വദേശിയായ അമിര്‍ ഖാന്‍ എന്ന വ്യവസായിയുടെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പണം നല്‍കി ഉപയോഗിക്കാവുന്ന ഇ -നഗ്ഗറ്റ്സ് എന്ന പേരില്‍ ഗെയിം ആപ്പ് പുറത്തിറക്കിയാണ് പണം തട്ടിയതെന്നാണ് ഇഡി കണ്ടത്തല്‍.
2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി അറിയിച്ചു. ഫെഡറല്‍ ബാങ്ക് അധികൃതരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാര്‍ക്ക് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഇഡി പ്രസ്താവനയില്‍ പറഞ്ഞു. പൊതുജനങ്ങളെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ആപ് രൂപകല്‍പ്പന ചെയ്തതെന്ന് ഏജന്‍സി പറഞ്ഞു.
തുടക്കത്തില്‍ ഉപയോക്താക്കള്‍ക്ക് കമ്മീഷന്‍ നല്‍കുകയും വാലറ്റിലെ ബാലന്‍സ് തടസ്സമില്ലാതെ പിന്‍വലിക്കുകയും ചെയ്യാന്‍ അവസരം നല്‍കിയതിലൂടെ വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് ഉപഭോക്താക്കള്‍ കൂടുതല്‍ പണം നിക്ഷേപിച്ചു. പൊതുജനങ്ങളില്‍ നിന്ന് നല്ല തുക ശേഖരിച്ച ശേഷം, പെട്ടെന്ന്, പിന്‍വലിക്കാനുള്ള സൗകര്യം നിര്‍ത്തി. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് പണം പിന്‍വലിക്കാനുള്ള സൗകര്യം നിര്‍ത്തിയത്. തുടര്‍ന്നാണ് പരാതി ഉയര്‍ന്നത്