Wed. Apr 24th, 2024

കേന്ദ്ര കമ്മോഡിറ്റി ബോര്‍ഡുകള്‍ കാലോചിതമായി പുനര്‍നിര്‍ണ്ണയിക്കണം : ജോസ് കെ.മാണി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില നിശ്ചയിക്കണം

By admin Sep 21, 2022 #news
Keralanewz.com

കോട്ടയം. വാണിജ്യവിളകളുടേയും കാര്‍ഷിക വിളകളുടേയും പ്രോത്സാഹനത്തിനായി 1960 കളില്‍ ആരംഭിച്ച റബര്‍, സ്‌പൈസസ്, നാളികേര, തെയില, കാപ്പി ബോര്‍ഡുകള്‍ അവ ആരംഭിച്ച കാലഘട്ടത്തിലെ ലക്ഷ്യങ്ങള്‍ കൈവരിച്ച സാഹചര്യത്തിലും പിന്നീട് വന്ന ആഗോളവാണിജ്യ കരാറുകളുടെ വെളിച്ചത്തില്‍ വിളകളുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കലല്ല ഉള്ള വിളകള്‍ക്ക് ന്യായവില നിശ്ചയിക്കുകയും, ന്യായവിലയ്ക്ക് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും അവ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി സ്വദേശത്തും വിദേശത്തും വിപണികളില്‍ വില്‍ക്കുകയും ചെയ്യുന്ന തരത്തിലേക്ക് രാജ്യത്തെ എല്ലാ ഉല്‍പ്പന്ന ബോര്‍ഡുകളെയും ഉടച്ച് വാര്‍ക്കണമെന്ന് സബ് ഓര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മറ്റി യോഗത്തില്‍ കമ്മറ്റിയില്‍ അംഗമായ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. റബര്‍, കാപ്പി, തേയില, നാളികേര, സുഗന്ധവ്യഞ്ജന കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളും ന്യായ വില ഉറപ്പാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിനുമുളള നടപടികളെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍.

വിവിധ കമ്മോഡിറ്റി ബോര്‍ഡുകള്‍ സ്ഥാപിച്ചപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യമല്ല കാര്‍ഷിക മേഖലയില്‍ ഇന്നുള്ളത്. കമ്മോഡിറ്റി ബോര്‍ഡുകള്‍ സ്ഥാപിച്ച സാഹചര്യത്തില്‍ കയറ്റുമതി, ഇറക്കുമതി നിയന്ത്രണങ്ങളിലൂടെ കര്‍ഷകര്‍ക്ക് ലാഭകരമായ വില നിശ്ചയിക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് സാധിക്കുമായിരുന്നു. ഉല്‍പ്പന്നങ്ങളുടെ ആഗോളവില രാജ്യത്തെ കര്‍ഷകരെ ബാധിച്ചിരുന്നില്ല. വിദേശനാണ്യത്തിന് ഏറെ ആവശ്യക്കാര്‍ ഉണ്ടായിരുന്ന 1960 കളില്‍ കൂടുതല്‍ വിദേശനാണ്യം നേടുന്നതിന് കൂടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിവിധ കമ്മോഡിറ്റി ബോര്‍ഡുകള്‍ രൂപീകരിച്ചത്. 1990 കളിലെ ആഗോളവാണിജ്യകരാറുകളിലൂടെ കാര്‍ഷിക വിളകള്‍ക്ക് തദ്ദേശീയമായുണ്ടായിരുന്ന വില സംരക്ഷണം ഇല്ലാതായി. കുറഞ്ഞ വിലയില്‍ വിദേശത്ത് നിന്നും നാണ്യവിളകള്‍ രാജ്യത്തെത്തി

നാട്ടിലെ ഉല്‍പ്പാദന ചിലവ് പോലും കിട്ടാത്ത തരത്തിലേക്കുള്ള വിലയിലേക്ക് ഉല്‍പ്പന്ന വില കൂപ്പുകുത്തി. റബര്‍ അടക്കം വാണിജ്യ വിളകള്‍ കേരളത്തിലും രാജ്യത്തും കൃഷി ചെയ്യുന്നത് ആദായകരമല്ലാതായി. ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ കമ്മോഡിറ്റി ബോര്‍ഡുകളും അവയുടെ ലക്ഷ്യങ്ങളും കാലോചിതമായി പുനര്‍ക്രമീകരിക്കണമെന്നും ജോസ് കെ.മാണി ശക്തമായി ആവശ്യപ്പെട്ടു. പാല്‍ കര്‍ഷകരെ സംരക്ഷിക്കാനായി സ്ഥാപിച്ച സംവിധാനങ്ങള്‍ ഇന്ന് പാല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ആഗോള ബ്രാന്‍ഡുകളായി മാറി. അമൂല്‍ തന്നെ ഉദാഹരണം. രാജ്യത്തെ എല്ലാ ഉല്‍പ്പന്ന ബോര്‍ഡുകളും അമൂല്‍ മാതൃകയില്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനികളായി മാറ്റണം. നിലവിലുള്ള സംവിധാനങ്ങളും മനുഷ്യവിഭവശേഷിയും അതിനായി ഉപയോഗിക്കണം. മൂല്യവര്‍ദ്ധനവ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ പുറത്തു നിന്നും വിദഗ്ദരെ കണ്ടത്തി അവരെ കമ്മോഡിറ്റി ബോര്‍ഡുകളുടെ തലപ്പത്ത് എത്തിച്ചാല്‍ ഈ ബോര്‍ഡുകളെല്ലാം ലാഭം കൊയ്യുന്ന വന്‍കിട കര്‍ഷക ഉല്‍പ്പാദക കമ്പനികളാക്കി മാറ്റാന്‍ സാധിക്കും. എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ന്യായവില നിശ്ചയിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന താങ്ങുവിലയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി സംസ്‌ക്കരണം നടത്തി വിപണനം നടത്തുന്ന മാതൃക കമ്പനികളായി എല്ലാ ബോര്‍ഡുകളും ഉടച്ച് വാര്‍ക്കണമെന്നും ജോസ് കെ.മാണി നിര്‍ദേശിച്ചു.

എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി അഡീഷണല്‍ ഡയറക്ടര്‍,റബര്‍ ബോര്‍ഡ് സെക്രട്ടറി ആന്റ് ഡയറക്ടര്‍, കോഫി ബോര്‍ഡ് സിഇഒ ആന്റ് സെക്രട്ടറി, സ്‌പൈസ് ബോര്‍ഡ് സെക്രട്ടറി, ടീ ബോര്‍ഡ് ചെയര്‍മാന്‍ ആന്റ് ഡെപ്യൂട്ടി ചെയര്‍മാന്‍, നാളികേര ബോര്‍ഡ് ഡയറക്ടര്‍ എന്നിവരും കര്‍ഷക സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Facebook Comments Box

By admin

Related Post