Fri. Apr 19th, 2024

നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പശുവിന്‍റെ വയറില്‍ നിന്ന് നീക്കിയത് 21 കിലോ പ്ലാസ്റ്റിക്

By admin Jul 17, 2021 #news
Keralanewz.com

ബംഗളുരു: മനുഷ്യന്‍ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് മലിനീകരണത്തിന് പ്രകൃതിയും സാധു ജീവികളും നിരന്തരം ഇരയാകുന്നുവെന്ന ഓര്‍മപ്പെടുത്തലുമായി കര്‍ണാടകയിലെ ചിക്കമംഗളുരുവിലെ ഒരു പശു. കടൂര്‍ താലൂക്കിലെ ഈ പശുവിന്‍റെ വയറില്‍ നിന്ന് വെറ്റിനറി ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 21 കിലോ പ്ലാസ്റ്റിക്കാണ്.

നാല് വയസ്സായ പശുവിന്‍റെ വയറുവീര്‍ത്തിരുന്നുവെങ്കിലും ഇത്രയും അജൈവ പദാര്‍ഥങ്ങള്‍ ആ വയറിനകത്ത് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ആഹാര പദാര്‍ഥങ്ങള്‍ ദഹിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതുമൂലം പോഷകങ്ങള്‍ ലഭിക്കാത്തതിനാല്‍ നാളുകളായി ക്ഷീണിതയായിരുന്നു പശു. തുടര്‍ന്നാണ് സര്‍ക്കാര്‍ വെറ്റിനറി ആശുപത്രിയില്‍ വെച്ച്‌ ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. 21 കിലോ പ്ലാസ്റ്റിക്കാണ് വയറിനുള്ളില്‍ നിന്നും നീക്കം ചെയ്തത്.

പശു പ്ലാസ്റ്റിക് തിന്നുമ്ബോള്‍ വീണ്ടും അത് അയവിറക്കുകയോ ദഹനത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയോ ചെയ്യുന്നില്ല. വയറിനകത്ത് ജീവിതകാലം മുഴുവന്‍ അത് കുടുങ്ങിക്കിടക്കുന്നു. ഇതുമൂലം വയറിന്‍റെ ഊഷ്മാവ് കൂടുകയും പ്ലാസ്റ്റിക് ഉരുകുകയും മറ്റ് ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ദഹിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ശരീര രക്തത്തില്‍ ജന്തുവിന് ആവശ്യമായ പോഷകം ഉണ്ടാകുന്നില്ല. – വെറ്റിനറി ഡോക്ടര്‍ ബി.ഇ അരുണ്‍ പറഞ്ഞു.

പശുവിനെ നിര്‍ത്തിയാണ് ശസ്ത്രക്രിയ ചെയ്തതെന്നും ലോക്കല്‍ അനസ്തേഷ്യ നല്‍കിയതായും ഡോക്ടര്‍ പറഞ്ഞു. വേദനാസംഹാരികളും ആന്‍റിബയോട്ടിക്കുകളും പശുവിന് നല്‍കിയിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. കടൂര്‍ താലൂക്കില്‍ മാത്രം ഇതുപോലുള്ള 10-15 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭക്ഷണ പദാര്‍ഥങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് ഉപേക്ഷിക്കാതിരിക്കുകയും പ്ലാസ്റ്റിക് ഉപയോഗം കുറക്കുകയുമാണ് ഇതിനുള്ള പ്രതിവിധിയെന്നും ഡോക്ടര്‍ അരുണ്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post