വനിതാ സംവരണ ബില്‍ പാസാകുന്നതോടെ മുസ്ലീംലീഗും വെട്ടിലാകും, ലീഗിന്റെ ഉറച്ച പല കോട്ടകളും വനിതാ മണ്ഡലങ്ങളായി മാറും.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെ രാഷ്ട്രീയ നേതൃത്ത്വങ്ങളുടെ ചങ്കിടിപ്പും വര്‍ദ്ധിച്ചിരിക്കുകയാണ്.
നിലവിലിലെ സിറ്റിംഗ് എം.പി മാരിലും എം.എല്‍.എമാരിലും നല്ലൊരു വിഭാഗത്തിനും ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ സീറ്റുകള്‍ നഷ്ടമാകും. വനിതാ സംവരണ ബില്‍ പാസായാലും നടപടികള്‍ പൂര്‍ത്തിയാക്കാൻ കാലതാമസം നേരിട്ടാല്‍ വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രാബല്യത്തില്‍ വരാൻ സാധ്യത കുറവാണ്. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എന്തായാലും നടപ്പാക്കാൻ കഴിയും.
അതേസമയം നടപടി ക്രമങ്ങളില്‍ വേഗത കൂടി ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തന്നെ സംവരണം ഏര്‍പ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. വനിതാ സംവരണ ബില്‍ കൊണ്ടു വരുന്നത് മോദി സര്‍ക്കാറാണെങ്കിലും അതിനായി ഏറ്റവും ശക്തമായി കഴിഞ്ഞ കാലങ്ങളില്‍ പോരാടിയത് സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളാണ്. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനും വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാൻ കഴിയുകയില്ല. എന്നാല്‍ മറ്റു പ്രാദേശിക പാര്‍ട്ടികളുടെ അവസ്ഥ അതല്ല അത്തരം പാര്‍ട്ടികളെ സംബന്ധിച്ച് ഓര്‍ക്കാപ്പുറത്ത് കിട്ടുന്ന പ്രഹരമാണിത്.
നിലവില്‍ ലോക്സഭയില്‍ വനിതാ എംപിമാര്‍ 15 ശതമാനത്തിനും നിയമസഭകളില്‍ 10 ശതമാനത്തിനും താഴെയാണ്. അതാണ് കുത്തനെ വര്‍ദ്ധിക്കാൻ പോകുന്നത്. ഉദാഹരണത്തിന് കേരളത്തിന്റെ കാര്യം തന്നെ പരിശോധിക്കാം. 20 ലോകസഭ സീറ്റുകള്‍ ഉള്ള കേരളത്തില്‍ വനിതാ സംവരണം വരുന്നതോടെ 7 സീറ്റുകളാണ് വനിതകള്‍ക്കായി നീക്കി വയ്ക്കേണ്ടി വരിക.140നിയമസഭ സീറ്റുകളില്‍ 46 സീറ്റുകളും വനിതകളുടെ സംവരണ സീറ്റുകളായി മാറും. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള കേരളത്തില്‍ ഏത് മണ്ഡലങ്ങള്‍ വേണമെങ്കിലും വനിതാ സംവരണ മണ്ഡലമായി മാറാം എന്നതാണ് അവസ്ഥ.
മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങള്‍ വനിതാ സംവരണ മണ്ഡലമായി മാറിയാല്‍ അത് ആ പാര്‍ട്ടിയുടെ നേതൃത്വത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയായാണ് മാറുക. നിയമസഭയിലും പാര്‍ലമെന്റിലും ഒരു വനിതാ പ്രാതിനിത്യം പോലും ഇല്ലാത്ത പാര്‍ട്ടിയാണ് മുസ്ലീംലീഗ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്തില്‍ മത്സരിച്ച ലീഗിന്റെ ഏക വനിതാ സ്ഥാനാര്‍ത്ഥിയായ നൂര്‍ബിനാ റഷീദിനെ ലീഗുകാര്‍ തന്നെയാണ് തോല്‍പ്പിച്ചതെന്ന ആരോപണ ആ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാണ്.
മുൻപ് കോഴിക്കോട്ട് നടന്ന യൂത്ത് ലീഗ് പരിപാടിയില്‍ നിന്നും ലീഗ് വനിതാ നേതാവിനെ ഇറക്കിവിട്ടതും വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരുന്നത്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്തിനെയാണ് വേദിയില്‍ നിന്നും ഇറക്കിവിട്ടിരുന്നത്. മലബാര്‍ സമരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഈ സംഭവം. മുഖ്യാതിഥിയായ മതപണ്ഡിതൻ വേദിയില്‍ എത്തിയപ്പോഴാണ് ഏക വനിതാ അംഗമായ ശംലൂലത്തിനെ ഇറക്കിവിട്ടിരുന്നത്. മലബാര്‍ സമരത്തിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചുള്ള പ്രസംഗം നടക്കുമ്ബോഴായിരുന്നു വനിതാ ലീഗ് നേതാവിന് ഇറങ്ങിപ്പോകേണ്ടി വന്നതെന്നതും ശ്രദ്ധേയമാണ്.
ഇത് ഒറ്റപ്പെട്ട സംഭവമായി ഒരിക്കലും വിലയിരുത്താൻ കഴിയുകയില്ല. മുസ്ലീംലീഗില്‍ മുൻപും ഇപ്പോഴും എല്ലാം ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ നടക്കാറുള്ളത്. ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ ‘ഹരിത’യില്‍ നല്ല കേഡറുകള്‍ ഉയര്‍ന്നു വന്നപ്പോള്‍ അവരെ പുറത്തു നിര്‍ത്തുന്ന നിലപാട് സ്വീകരിച്ചതും ഹരിത സംസ്ഥാന കമ്മറ്റി തന്നെ പിരിച്ചു വിട്ടതും ലീഗ് നേതൃത്വമാണ്. മലബാറിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലീംലീഗിന് ഇനി അങ്ങനെയൊന്നും വനിതാ നേതാക്കളെ തഴയാൻ കഴിയുകയില്ല. വനിതാ സംവരണ ബില്‍ വരുന്നതോടെ ലീഗ് കോട്ടകളില്‍ അവര്‍ക്കും സ്ത്രീകളെ മത്സരിപ്പിക്കേണ്ടി വരും.