Fri. Mar 29th, 2024

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

By admin Jul 29, 2021 #news
Keralanewz.com

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ.

കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ അംഗം അല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പില്‍ തന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതായി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെസി കോടതിയെ അറിയിച്ചു.

2014-17കാലത്ത് തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥിയായിരുന്നെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. ചില വിഷയങ്ങള്‍ക്കു പരാജയപ്പെട്ടതിനാല്‍ എല്‍എല്‍ബി നേടാനായില്ല. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങള്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് തടസ്സമായി. അതിനാല്‍ ആലപ്പുഴയിലെ വക്കീല്‍ ഓഫിസില്‍ ഇന്റേണ്‍ ആയി ചേര്‍ന്നു. രാമങ്കരിയിലും ആലപ്പുഴയിലും വക്കീല്‍ ഓഫിസുകളില്‍ അഭിഭാഷക കുപ്പായം ഇടാതെയാണ് പ്രവര്‍ത്തിച്ചതെന്ന് സെസി പറയുന്നു.

വഞ്ചന, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ്, ബാര്‍ അസോസിയേഷന്റെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് സെസിക്കെതിരെ കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരത്ത് പ്രാക്ടിസ് ചെയ്യുന്ന വക്കീലിന്റെ റോള്‍ നമ്പറാണ് സെസി ഉപയോഗിച്ചിരുന്നത്. രണ്ടര വര്‍ഷമാണ് ബിരുദമോ എന്റോള്‍മെന്റോ ഇല്ലാതെ സെസി അഭിഭാഷകയായി പ്രവര്‍ത്തിച്ചത്. ഇക്കാലയളവിനിടെ പല കേസുകളിലും അഡ്വക്കറ്റ്‌സ കമ്മിഷന്‍ ആയും നിയമിക്കപ്പെട്ടു.

കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ സെസി ആലപ്പുഴ മസിജ്‌സ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ തനിക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ കോടതിയില്‍നിന്നു മുങ്ങുകയായിരുന്നു.

Facebook Comments Box

By admin

Related Post