Wed. Apr 24th, 2024

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ

By admin Aug 3, 2021 #news
Keralanewz.com
തിരുവനന്തപുരം :  വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ.സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ.കടകൾ തുറക്കുന്നതിന്റെ നിയന്ത്രണങ്ങളും, വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണങ്ങളിലും മാറ്റം വരും.വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കി ചുരുക്കും.ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കിയേക്കും.ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങൾ അവലോകന യോഗം ഇന്ന് ചര്‍ച്ച ചെയ്യും.തദ്ദേശ സ്ഥാപനങ്ങളെ ടിപിആർ അടിസ്ഥാനത്തിൽ എ,ബി,സി,ഡി കാറ്റഗറിയായി തിരിച്ച് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയ്ക്ക് മാറ്റം വരും. ടിപി ആറിന് പകരം രോഗികളുടെ എണ്ണം അനുസരിച്ച് സോണുകൾ തീരുമാനിക്കാനാണ് ശുപാർശ. കോവിഡ് വ്യാപന മേഖല കണ്ടെത്തി മൈക്രോ കണ്ടയ്ൻമെന്റ് സോണുകളാക്കി മാറ്റാനാണ് ആലോചന. ആശുപത്രി ഉൾപ്പെടെയുള്ള ചികിത്സ സൗകര്യങ്ങൾ വിലയിരുത്തിയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും വിദഗ്ധ സമിതി ശുപാർശ.

ടിപിആര്‍ കൂടുതലുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടയന്‍മെന്‍റ് സോണായി തിരിച്ച് നിയന്ത്രണങ്ങൾ ശക്തമാക്കിയേക്കും. പത്തില്‍ കൂടുതല്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്ന കേന്ദ്ര നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളിൽ എല്ലാ കടകളും എല്ലാ ദിവസവും തുറക്കുന്നതും പരിഗണനയിലുണ്ട്.തുറക്കുന്ന കടകളിലെ ജീവനക്കാരെ എല്ലാ ആഴ്ചയില്‍ പരിശോധിക്കും. കടകൾക്ക് സമയപരിധി നിശ്ചയിക്കണമൊ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. സുപ്രധാന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യവും ശുപാര്‍ശയിലുണ്ട്. കോവിഡ് പരിശോധന ദിവസം രണ്ട് ലക്ഷമാക്കി ഉയര്‍ത്തും.

ഓണത്തിന് കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്ന തരത്തില്‍ നിയന്ത്രങ്ങളില്‍ മാറ്റം വരുത്തിയേക്കും. പൂർണമായും അടച്ചിടലിന് പകരം ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ദ സമിതിക്കും ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടായിരിക്കും അവലോകനയോഗം പരിഗണിക്കുന്നത്.അതേസമയം സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണവും ടിപിആറും ഉയരുന്നതിൽ കേന്ദ്ര സംഘം ചീഫ് സെക്രട്ടറിയെ ആശങ്ക അറിയിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കി ക്വാറന്റീൻ ശക്തിപ്പെടുത്തണമെന്നും കേന്ദ്ര സംഘം നിർദ്ദേശം നൽകി.

Facebook Comments Box

By admin

Related Post