Thu. Mar 28th, 2024

സംസ്ഥാന വനിതാശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന ‘കനല്‍’ കര്‍മ്മ പരിപാടിയില്‍ പങ്കെടുത്ത് സംസ്ഥാനത്തെ 138 കോളേജുകള്‍

By admin Aug 5, 2021 #news
Keralanewz.com
തിരുവനന്തപുരം : സംസ്ഥാന വനിതാശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന 'കനല്‍' കര്‍മ്മ പരിപാടിയില്‍ പങ്കെടുത്ത് സംസ്ഥാനത്തെ 138 കോളേജുകള്‍. സ്ത്രീധനത്തിനെതിരായി വനിത ശിശുവികസന വകുപ്പ് ശക്തമായ പോരാട്ടം നടത്തുമ്പോള്‍ ക്യാമ്പസുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. സ്ത്രീ പുരുഷ സമത്വം ഏറ്റവുമധികം പ്രതിഫലിക്കുന്നത് ക്യാമ്പസുകളിലാണ്. ഭാവി ജീവിതത്തലും അത് പിന്തുടരേണ്ടതുണ്ട്. ഒരു ദിവസം 10 കോളേജുകളെയെങ്കിലും ഇതില്‍ പങ്കാളികളാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇനിയും കൂടുതല്‍ കോളേജുകള്‍ ഇതില്‍ പങ്കാളികളാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

എല്ലാ യൂണിവേഴ്‌സിറ്റികളിലേയും എന്‍.എസ്.എസ്., എന്‍.സി.സി., വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയുമായി സഹകരിച്ചാണ് കനല്‍ കര്‍മ്മപരിപാടി കാമ്പസുകളില്‍ നടത്തുന്നത്. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിച്ചു വരുന്നത്. ചില കോളേജുകളില്‍ നേരിട്ടും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ മൊഡ്യൂള്‍ തയ്യാറാക്കി 70 ഓളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. അവരാണ് ജില്ലാതലത്തില്‍ പരിശീലനം നല്‍കുന്നത്. ജെന്‍ഡര്‍ റിലേഷന്‍സ്, സ്ത്രീ നിയമ സംവിധാനങ്ങളെപ്പറ്റിയുള്ള അവബോധം എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കൂട്ടുന്നതിനായാണ് വനിത ശിശുവികസന വകുപ്പ് കനല്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനായി ശാക്തീകരിക്കുക, സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കലാലയങ്ങള്‍ കേന്ദ്രീകരിച്ച് ജെന്‍ഡര്‍ അവബാധ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് ഈ കര്‍മപരിപാടിയിലൂടെ നടപ്പിലാക്കി വരുന്നത്. ഈ കര്‍മ്മ പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കോളേജുകള്‍ mskstatecell@gmail.com എന്ന മെയിലില്‍ ബന്ധപ്പെടേണ്ടതാണ്.

Facebook Comments Box

By admin

Related Post