National NewsPolitics

ബി.ജെ.പിയുടെ താരപ്രചാരകര്‍ പ്രതിസന്ധിയില്‍; തമിഴ്നാട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.

Keralanewz.com

ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ കൈക്കൂലി കേസില്‍ അറസ്റ്റിലായതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് വക്താവ്.

ഡോക്ടറില്‍ നിന്നും 20 ലക്ഷം തട്ടിയെടുത്തുവെന്ന കേസിലാണ് ഇ.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. ബി.ജെ.പിയുടെ താരപ്രചാരകര്‍ വീണ്ടും പ്രതിസന്ധിയിലായെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്ര ഏജൻസികളുടെ സല്‍പ്പേര് കളങ്കപ്പെടുത്തുകയാണ്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുകയാണ്. ഇത്തവണ ഇ.ഡിയുടെ പ്രവര്‍ത്തനം ഇടറിയിരിക്കുന്നത് തമിഴ്നാട്ടിലാണ്. രാജസ്ഥാനില്‍ 15 ലക്ഷം കൈക്കൂലി വാങ്ങിയതിനാണ് ഇ.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. തമിഴ്നാട്ടില്‍ 20 ലക്ഷമാണ് ഇ.ഡി ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതെന്നും ജയ്റാം രമേശ് പറഞ്ഞു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായ നികുതി വകുപ്പ് തുടങ്ങിയവയെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുകയാണ്. പ്രതിപക്ഷത്തെ തകര്‍ക്കാനാണ് അന്വേഷണ ഏജൻസികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.

ഡോക്ടറോട് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥനെ കൈയോടെ തമിഴ്നാട്ടില്‍ പിടികൂടിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഓഫിസര്‍ അങ്കിത് തിവാരിയാണ് പിടിയിലായത്. ഇയാള്‍ നേരത്തെ ഗുജറാത്തിലും മധ്യപ്രദേശിലും സേവനമനുഷ്ഠിച്ചിച്ചിരുന്നു.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചതിന് അന്വേഷണം നേരിടുന്ന മധുരയ്ക്കടുത്ത ദിണ്ടിഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായ സുരേഷ് ബാബുവില്‍നിന്നാണ് അങ്കിത് തിവാരി കൈക്കൂലി വാങ്ങിയത്.തിവാരിയില്‍നിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തതായി തമിഴ്നാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് (ഡി.വി.എ.സി) വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ ജോലി ചെയ്യുന്ന മധുരയിലെ ഇ.ഡി ഓഫിസിലും ഇയാളുടെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി.

Facebook Comments Box