Thu. Apr 25th, 2024

ഓണക്കിറ്റിൽ ഉൾപ്പെടുത്തേണ്ട അണ്ടിപ്പരിപ്പും വറുത്തകായയും ലഭിക്കുന്നതിൽ കാലതാമസം അനുഭവപ്പെടുന്നത് ഓണക്കിറ്റുകളുടെ പാക്കിങ്‌ മന്ദഗതിയിലാക്കി

By admin Aug 7, 2021 #news
Keralanewz.com

ഓഗസ്റ്റ് പതിനാറോടെ സംസ്ഥാനത്തെ എല്ലാ കാർഡുടമകൾക്കും സ്പെഷ്യൽ ഓണക്കിറ്റ് വിതരണം ചെയ്യാനാണ് സർക്കാർ നിർദേശം. ഓഗസ്റ്റ് നാലുമുതൽ ഏഴുവരെ പിങ്ക് കാർഡുകളുള്ളവർക്കും ഒൻപതുമുതൽ 12 വരെ നീല കാർഡുള്ളവർക്കും, 13 മുതൽ 16 വരെ വെള്ള കാർഡുള്ളവർക്കും ഓണക്കിറ്റുകൾ നൽകാനാണ് സർക്കാർ ഉത്തരവ്.

പഞ്ചസാര (ഒരു കിലോ), വെളിച്ചെണ്ണ (500 മി.ലി.), ചെറുപയർ (അരക്കിലോ), തുവരപ്പരിപ്പ് (250 ഗ്രാം), തേയില (100 ഗ്രാം), മുളകുപൊടി (100 ഗ്രാം), ഉപ്പുപൊടി (ഒരു കിലോ), മഞ്ഞൾ (100 ഗ്രാം), പായസം അരി അല്ലെങ്കിൽ സേമിയ, പാലട (500 ഗ്രാം), കശുവണ്ടിപ്പരിപ്പ് (50 ഗ്രാം), ഏലയ്ക്ക (20ഗ്രാം), നെയ്യ് (50മി.ലി), ശർക്കര വരട്ടി, ഉപ്പേരി (100 ഗ്രാം), ആട്ട (ഒരു കിലോ), ശബരി ബാത്ത് സോപ്പ് (ഒന്ന്) എന്നിവയാണ് തുണിസഞ്ചിയിലുണ്ടാവുക.

എ.എ.വൈ., മുൻഗണന, മുൻഗണനേതര സബ്‌സിഡി, മുൻഗണനേതര നോൺ സബ്‌സിഡി എന്ന ക്രമത്തിലാണ് റേഷൻ ഷാപ്പുകൾവഴി കിറ്റ് വിതരണം നടത്തേണ്ടത്. ജില്ലയിൽ 39450 എ.എ.വൈ. (മഞ്ഞ) കാർഡുകളും 291793 മുൻഗണന (പിങ്ക് നിറം) കാർഡുകളും 299695 മുൻഗണനേതര സബ്സിഡി (നീല) കാർഡുകളും 217456 മുൻഗണനേതര നോൺ സബ്സിഡി (വെള്ള) കാർഡുകളുമാണുള്ളത്. ആകെ 778394 കാർഡുകളാണ് ജില്ലയിലുള്ളത്. ഇതിൽ എ.എ.വൈ. വിഭാഗത്തിൽപ്പെട്ടവർക്ക് കിറ്റ് വിതരണം ഏകദേശം പൂർത്തിയായിട്ടുണ്ട്. മറ്റ് വിഭാഗക്കാർക്കുള്ള കിറ്റുകൾ നിറയ്ക്കുമ്പോഴാണ് അണ്ടിപ്പരിപ്പും വറുത്തുപ്പേരിയും ലഭിക്കാത്തതിനെ തുടർന്നുള്ള പ്രശ്നം ഉടലെടുത്തത്.

കൊയിലാണ്ടി താലൂക്കിൽ 1,85,551 കാർഡുടമകൾക്ക് നൽകേണ്ട കിറ്റുകളിൽ നിറയ്ക്കാൻ 20,000-ത്തോളം പാക്കറ്റ് അണ്ടിപ്പരിപ്പാണ് എത്തിയത്. സമാന സ്ഥിതിയാണ് കോഴിക്കോട്, വടകര, താമരശ്ശേരി താലൂക്കുകളിലും.

വരുംദിവസങ്ങളിൽ അണ്ടിപ്പരിപ്പ് എത്തുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് സപ്ലൈക്കോ അധികൃതർ പറഞ്ഞു. അവസാന നാളിലാണ് അണ്ടിപ്പരിപ്പിനുള്ള പർച്ചേസ് ഓർഡർ നൽകിയത്. കൊല്ലം ജില്ലയിലെ കശുവണ്ടി ഫാക്ടറികളിൽനിന്ന് അതാത് ജില്ലകളിൽനിന്നുള്ള ഏജന്റുമാരാണ് കശുവണ്ടിപ്പരിപ്പ് എത്തിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകളിൽനിന്നാണ് കായവറുത്തത് വാങ്ങുന്നത്. കൊയിലാണ്ടി താലൂക്കിൽ 35 കേന്ദ്രങ്ങളിൽ നിന്ന് കിറ്റ് തയ്യാറാക്കുന്നുണ്ട്. ഒരു പാക്കറ്റ് നിറച്ചാൽ 1.65 രൂപയാണ് കൂലി. എല്ലാ സാധനങ്ങളും തുണിസഞ്ചിയിൽ നിറച്ചാൽ രണ്ടുരൂപ കിട്ടും.

നിശ്ചയിച്ച ദിവസങ്ങളിൽ കിറ്റ് എത്താത്തത് കാരണം കാർഡുടമകൾ കടകളിൽ വന്ന് ബഹളമുണ്ടാക്കുന്ന സ്ഥിതിയാണെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാനസെക്രട്ടറി പി. പവിത്രൻ പറഞ്ഞു. ഓരോവിഭാഗം കാർഡുടമകൾക്കും നിശ്ചയിച്ച ദിവസത്തിനകം തന്നെ ഓണക്കിറ്റ് വിതരണംചെയ്യാൻ നടപടി വേണമെന്ന് പവിത്രൻ പറഞ്ഞു.

കശുവണ്ടിപ്പരിപ്പിനുപകരം കായം

കൊയിലാണ്ടി: ഓണക്കിറ്റിൽ ഉൾപ്പെടുത്തേണ്ട കശുവണ്ടിപ്പരിപ്പ് ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ പകരമായി കായമോ പുളിയോ ആട്ടയോ പഞ്ചസാരയോ നിറയ്ക്കാൻ പുതിയ നിർദേശം. അണ്ടിപ്പരിപ്പിന്റെ ലഭ്യതക്കുറവുമൂലം കിറ്റ് നിറയ്ക്കൽ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം സപ്ലൈകോ റീജണൽ മാനേജർമാരുടെയും വിവിധ മേധാവികളുടെയും വീഡിയോ കോൺഫറൻസിൽ ചർച്ചചെയ്തിരുന്നു. ഇതേത്തുടർന്നാണ് നടപടി. അതിനിടെ കൊയിലാണ്ടി താലൂക്കിലെ കിറ്റിലേക്ക് നിറയ്ക്കാൻ 10,000 പായ്ക്കറ്റ് കശുവണ്ടിപ്പരിപ്പ് വെള്ളിയാഴ്ചയെത്തി

Facebook Comments Box

By admin

Related Post