Thu. Mar 28th, 2024

പമ്പാ ത്രിവേണിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍; മന്ത്രി റോഷി അഗസ്റ്റിന്‍

By admin Aug 12, 2021 #news
Keralanewz.com

പ്രളയം തകര്‍ത്ത പമ്പാ ത്രിവേണിയെ നവീകരിക്കുന്നതിന് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2018ലെ പ്രളയത്തെ തുടര്‍ന്ന് പമ്പാ – ത്രിവേണിയിലെ നടപ്പാലത്തിന്റെ താഴ്‌വശത്ത് പമ്പാനദിയുടെ ഇടത് കര പൂര്‍ണമായും തകര്‍ന്ന് നദിയില്‍ പതിച്ചതിനാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു പ്രവേശനം  സാധ്യമായിരുന്നില്ല. ഇതിനു പരിഹാരമായി നദിയുടെ നീരൊഴുക്ക് പൂര്‍വ സ്ഥിതിയിലാക്കി. പാര്‍ക്കിംഗ് ഗ്രൗണ്ടും, നദീതീരവും സംരക്ഷിക്കുന്നതിനായി ഗാബിയോണ്‍ വാളിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. ഗാബിയോണ്‍ വാള്‍ നിര്‍മാണത്തിനായി  സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 3.86 കോടി രൂപയും അനുബന്ധ പ്രവൃത്തികള്‍ക്കുവേണ്ടി ഓണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 71 ലക്ഷം രൂപയും ഉപയോഗിച്ചാണ്  പമ്പ ത്രിവേണിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.  

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ (ആര്‍കെഐ) ഉള്‍പ്പെടുത്തി അനുവദിച്ച നാലു കോടി രൂപ ഉപയോഗിച്ച്, പ്രളയത്തില്‍ പമ്പ ത്രിവേണിയിലെ കേടുപാടുകള്‍ സംഭവിച്ച ജലസേചന നിര്‍മിതികള്‍, സ്‌നാനഘട്ടം, ജലവിതാനം നിയന്ത്രിക്കുന്നതിനുളള വിസിബികള്‍ എന്നിവ പുനര്‍നിര്‍മിച്ചു. തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന സ്‌നാനഘട്ടങ്ങളുടേയും വിസിബികളുടേയും പണി പൂര്‍ത്തിയായിട്ടുണ്ട്.  ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണം വനം വകുപ്പിന്റെ അനുമതി ലഭിക്കാന്‍ താമസിച്ചതിനാല്‍ തുടങ്ങാന്‍ കാലതാമസം ഉണ്ടായി. തുടര്‍ച്ചയായി പെയ്ത കാലവര്‍ഷം കാരണം പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ഒക്ടോബര്‍ അവസാനത്തോടു കൂടി ഈ പ്രവര്‍ത്തനവും പൂര്‍ത്തീകരിക്കാനാകും. ത്രിവേണി മുതല്‍ ഞുണങ്ങാര്‍ വരെയുള്ള പടിക്കെട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.

പുതുതായി ആറു പടിക്കെട്ടുകള്‍ നിര്‍മിച്ച് മാര്‍ബിള്‍ വിരിക്കുകയും ചെയ്തു. ബലിത്തറകളും പുനര്‍നിര്‍മിച്ചു. കേന്ദ്ര ടൂറിസം വകുപ്പ് അനുവദിച്ച രണ്ടു കോടി രൂപ ചിലവില്‍ ആറാട്ടുകടവ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളും നവീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.2018-ലെ മഹാപ്രളയം പമ്പാ ത്രിവേണിയെ തകര്‍ത്തിട്ട് ഓഗസ്റ്റ് 14 ന് മൂന്നു വര്‍ഷം തികയുകയാണ്. ഇപ്പോള്‍ ജലസേചന വകുപ്പിന്റെ നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ പമ്പ ത്രിവേണി കൂടുതല്‍ നവീനവും സുന്ദരവുമായിരിക്കുകയാണ്. മഹാപ്രളയത്തില്‍ പമ്പാ ത്രിവേണിയിലെ ജലസേചന നിര്‍മിതികള്‍ എല്ലാം പൂര്‍ണമായും തകര്‍ന്നുപോയിരുന്നു. കൂടാതെ നടപ്പാലത്തിനു താഴ്വശം പമ്പാനദിയുടെ ഇടതുകര പൂര്‍ണമായും ഇടിഞ്ഞ് താഴ്ന്ന് ഒഴുകിപ്പോയിരുന്നു. പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞു കൂടിയ ചെളി കലര്‍ന്ന മണല്‍ ഏറെ ശ്രമകരമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തേക്ക് നീക്കം ചെയ്തതും പമ്പാ നദിയുടെ ഒഴുക്ക് പുനസ്ഥാപിച്ചതും.

Facebook Comments Box

By admin

Related Post