ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; പരാതി
പനാജി: ഓൺലൈൻ ക്ലാസിനിടെ വിദ്യാർഥികൾ അധ്യാപികമാരുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. ഗോവ പനാജിയിലെ ഒരു പ്രമുഖ സ്കൂളിലെ അധ്യാപികമാരെയാണ് വിദ്യാർഥികൾ അപകീർത്തിപ്പെടുത്തിയത്. സ്കൂൾ മാനേജ്മെന്റാണ് വിദ്യാർഥികൾക്കെതിരേ പോലീസിൽ പരാതി നൽകിയത്.
ഓൺലൈൻ ക്ലാസിനിടെ സ്ക്രീൻ ഷോട്ടുകൾ എടുത്ത ശേഷം ഇവ മോർഫ് ചെയ്ത് അപകീർത്തികരമായ പരാമർശങ്ങളോടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സ്കൂൾ അധികൃതർ തന്നെ എല്ലാ കുട്ടികളുടെയും മാതാപിതാക്കളെ വിവരം അറിയിച്ചിരുന്നു. മാത്രമല്ല, ഈ സംഭവത്തിന് ശേഷം മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും നിർദേശം നൽകി. ഓൺലൈൻ ക്ലാസിനിടെയും അല്ലാതെയും കുട്ടികൾ ഇന്റർനെറ്റിൽ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സംഭവത്തിൽ ഐടി ആക്ട് പ്രകാരം കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. നേരത്തെ കൊൽക്കത്തയിലെ ഒരു സ്കൂളിലെ ഓൺലൈൻ ക്ലാസിനിടെ അശ്ലീല ചിത്രങ്ങളും കമന്റുകളും പ്രത്യക്ഷപ്പെട്ടതും വാർത്തയായിരുന്നു. ചില ഹാക്കർമാരാണ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലെ ഓൺലൈൻ ക്ലാസിനിടെ അശ്ലീല വാക്കുകളും ബലാത്സംഗ ഭീഷണികളും മുഴക്കിയത്. ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവം കേരളത്തിലും റിപ്പോർട്ട് ചെയ്തുിരുന്നു. പ്ലസ് ടു വിദ്യാർഥികളടക്കമുള്ളവരാണ് ഈ സംഭവത്തിൽ പിടിയിലായത്.