വായ്പാ കുടിശികയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: ആശ്വാസ നടപടിയുമായി സഹകരണ വകുപ്പ്

Spread the love
       
 
  
    

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ച്‌ സഹകരണ വകുപ്പ്. കോവിഡ് കാലത്ത് സഹകരണ ബാങ്കുകളില്‍ വായ്പ കുടിശിക ആയവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് സഹകരണ വകുപ്പ് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. സഹകരണ മന്ത്രി വി.എന്‍. വാസവനാണ് ഇക്കാര്യം അറിയിച്ചത്. സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കീഴില്‍ രജിസ്ട്രര്‍ ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വായ്പ മുടങ്ങിയവര്‍ക്കാണ് ആശ്വാസമായി നവ കേരളീയം കുടിശിക നിവാരണം – ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ സഹകരണ സംഘങ്ങളുടെ നിഷ്‌ക്രിയ ആസ്തിയും കുടിശികയും കുറച്ചു കൊണ്ടു വരുന്നതിനാണ് ലക്ഷ്യമിടുന്നത്.

ഗുരുതരമായ രോഗം ബാധിച്ചവരുടെ വായ്പകള്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കും. വായ്പയെടുത്തയാള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവകാശികള്‍ ഇളവ് നല്‍കി കുടിശിക ഒഴിവാക്കാനുള്ള അവസരവും നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് നവകേരളീയം കുടിശിക നിവാരണം. 2021 മാര്‍ച്ച്‌ 31 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശികയായ വായ്പകളാണ് പരിഗണിക്കുക. പദ്ധതിയുടെ വിശദമായ മാര്‍ഗരേഖ സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ചു.

കാന്‍സര്‍, പക്ഷാഘാതം, എയ്ഡ്സ്, ലിവര്‍ സിറോസിസ്, ക്ഷയം, ചികത്സിച്ചു മാറ്റാന്‍ കഴിയാത്ത മാനസിക രോഗം എന്നിവ ബാധിച്ചവര്‍ക്കും ഹൃദ്രോഗ ശസ്ത്രിക്രിയക്ക് വിധേയരായവര്‍, ഡയാലിസിസ് ചികിത്സ നടത്തുന്നവര്‍, അപകടത്തെ തുടര്‍ന്ന് കിടപ്പിലായവര്‍ എന്നിവര്‍ക്കും പരമാവധി ഇളവുകള്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഇവരുടെ അവകാശികളുടെ സ്ഥിതി പരിശോധിച്ചായിരിക്കും ഇളവുകള്‍ നല്‍കുന്നത്. മാതാപിതാക്കളുടെ പേരിലുള്ള വായ്പകള്‍ക്ക് അവര്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ സമാനമായ ഇളവുകള്‍ നല്‍കും. എല്ലാ വായ്പകള്‍ക്കും ഒത്തുതീര്‍പ്പിന് തയാറായാല്‍ പിഴ പലിശ പൂര്‍ണമായും ഒഴിവാക്കും. കോടതി ചെലവുകള്‍ ഈടാക്കുന്നത് സംബന്ധിച്ച തീരുമാനം അതത് ഭരണസമിതികള്‍ക്ക് സ്വീകരിക്കാം.

വായ്പകളെ തുകയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചാണ് ഇളവുകള്‍ നല്‍കുന്നത്. പരമാവധി 30 ശതമാനം വരെ ഇളവുകള്‍ ലഭിക്കും. 2020 ഏപ്രില്‍ ഒന്ന് മുതല്‍ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് നടപ്പ് സാമ്ബത്തിക വര്‍ഷം അടച്ച പലിശയില്‍ ഇളവും പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിലെ ബാങ്കുകളില്‍ നിന്നും 2018- 2019 കാലയളവില്‍ എടുത്ത വായ്പകള്‍ക്ക് പരമാവധി 50 ശതമാനം വരെ ഇളവും ലഭിക്കും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ നടത്തിപ്പിനായി സഹകരണ സംഘ തലംമുതല്‍ ജില്ലാതലം വരെ ഉദ്യോഗസ്ഥരും ഭാരവാഹികളും ഉള്‍പ്പെട്ട സമിതികള്‍ രൂപീകരിക്കാനും നിര്‍ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി. അദാലത്തുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച്‌ ഇടപാടുകാരെ അറിയിക്കുകയും അവരുടെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്

Facebook Comments Box

Spread the love