Thu. Apr 18th, 2024

ഇന്ന് ചിങ്ങം ഒന്ന് മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭം

By admin Aug 17, 2021 #news
Keralanewz.com

ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊറോണ മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും.

കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയർക്ക് ചിങ്ങം 1 കർഷക ദിനം കൂടിയാണ്.

പൊന്നിൻ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. കഴിഞ്ഞ രണ്ട് വർഷവും പ്രളയം കവർന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകൾക്ക് മേൽ ഇത്തവണ മഹാമാരിക്കാലത്തിൻറെ ആശങ്ക ഉണ്ടെങ്കിലും ചിങ്ങം ഒന്ന് ഓരോ കർഷകനും പ്രതീക്ഷയുടെ ദിനമാണ്.

അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊൻകതിർ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. കർഷക ദിനാഘോഷത്തിനു നാടെങ്ങും ഒരുക്കമാരംഭിച്ചു. പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത.

ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ കൊണ്ട് നിറയും. കഴിഞ്ഞ രണ്ടുവർഷമായി ഓണം കടന്നുപോകുന്നത് മലയാളികളുടെ കണ്ണീരിലൂടെയാണ്. ഇത്തവണ ഉരുൾപ്പൊട്ടലും, മഴക്കെടുതിയ്ക്കുമൊപ്പം കൊറോണ മഹാമരിയുമുണ്ട്.

എങ്കിലും പ്രതീക്ഷകളുടെ മുകളിലാണ് ജീവിതം നിലനിൽക്കുന്നത്. ആ പ്രതീക്ഷയുടെ വെളിച്ചം എത്രയും വേഗം തെളിയുമെന്നും മനോഹരമായ പുലരിവിരിയുമെന്നും പ്രത്യാശിച്ചുകൊണ്ട്, എല്ലാവർക്കും ചിങ്ങപ്പുലരിയിൽ നല്ലൊരു വർഷം ആശംസിക്കുന്നു.

Facebook Comments Box

By admin

Related Post