Thu. Apr 25th, 2024

ഞെട്ടിയ്ക്കുന്ന വിലക്കുറവിൽ;ന്യൂജൻ ലുക്കിൽ പുതിയ അമേസുമായി ഹോണ്ട

By admin Aug 21, 2021 #news
Keralanewz.com

മുംബൈ:ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് സെഡാന്‍ അമേസിന്‍റെ പരിഷ്‍കരിച്ച പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 2021 ഹോണ്ട അമെയ്‌സ് E, S, VX എന്നീ മൂന്ന് വേരിയന്റുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്

പെട്രോൾ E – 6.32 ലക്ഷം രൂപ, പെട്രോൾ S – 7.16 ലക്ഷം രൂപ, പെട്രോൾ CVT S – 8.06 ലക്ഷം രൂപ, പെട്രോൾ VX – 8.22 ലക്ഷം രൂപ, പെട്രോൾ CVT VX – 9.05 ലക്ഷം രൂപ, ഡീസൽ E – 8.66 ലക്ഷം രൂപ, ഡീസൽ S – 9.26 ലക്ഷം രൂപ, ഡീസൽ VX – 10.25 ലക്ഷം രൂപ, ഡീസൽ CVT VX – 11.15 ലക്ഷം രൂപ എന്നിങ്ങനെയാണ് ദില്ലി എക്‌സ്-ഷോറൂം വിലകൾ എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

E വേരിയന്റ് മാന്വൽ ഗിയർബോക്‌സിൽ മാത്രമേ ലഭിക്കൂ. S, VX വേരിയന്റുകളിൽ പെട്രോൾ + ഓട്ടോമാറ്റിക് പതിപ്പും VX വേരിയന്റിൽ മാത്രം ഡീസൽ + ഓട്ടോമാറ്റിക് പതിപ്പും ലഭിക്കും

പുത്തൻ അമേസിന്റെ എക്‌സ്റ്റീരിയറിലെ മാറ്റങ്ങളിൽ കൂടുതലും മുൻഭാഗത്താണ്. സെഡാന്റെ പ്രധാന ആകർഷണം പരിഷ്കരിച്ച ഗ്രില്ലാണ്. വണ്ണം കുറഞ്ഞ പ്രധാന ക്രോം ബാറിന് കീഴെയായി രണ്ട് ക്രോം ബാറുകളും ചേർന്നതാണ് പുതിയ ഗ്രിൽ. ബമ്പറിലെ ഫോഗ് ലാമ്പ് ഹൗസിങ് പരിഷ്കരിക്കുകയും പുതിയ ക്രോം ഗാർണിഷുകൾ ചേർക്കുകയും ചെയ്തു.

ടോപ്പ്-സ്പെക്ക് VX പതിപ്പിന് മാത്രമാണ് ഏറ്റവും പ്രധാനപ്പെട്ട എക്സ്റ്റീരിയർ അപ്‍ഡേയ്റ്റ് ലഭിക്കുന്നത്. VX പതിപ്പിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും എൽഇഡി ഫോഗ് ലാമ്പുകളും ഉൾകൊള്ളുന്ന ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് ഉള്ളത്. എൽഇഡി ടെയിൽ ലാംപ്, ക്രോമിൽ പൊതിഞ്ഞ ഡോർ ഹാൻഡിലുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവ അല്പം പ്രീമിയം ലുക്ക് നൽകുന്നു. 2021 ഹോണ്ട അമെയ്‌സ് മീറ്റിയറോയ്ഡ് ഗ്രേ, പ്ലാറ്റിനം വൈറ്റ് പേൾ, റേഡിയന്റ് റെഡ്, ലൂണാർ സിൽവർ, ഗോൾഡൻ ബ്രൗൺ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ സ്വന്തമാക്കാം. കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ മാരുതി സുസുക്കി ഡിസയര്‍, ഫോര്‍ഡ് ആസ്‍പയര്‍, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോര്‍ എന്നിവരാണ് അമേസിന്റെ എതിരാളികള്‍.

2013-ല്‍ എത്തിയ അമേസിന്‍റെ രണ്ടാം തലമുറ 2018ലാണ് എത്തുന്നത്. ഈ മോഡലാണ് നിലവില്‍ വിപണിയില്‍ ഉള്ളത്. കോംപാക്ട് സെഡാന്‍ ശ്രേണിലെ മികച്ച വില്‍പ്പനയുള്ള മോഡലിനൊപ്പം, ഹോണ്ടയുടെ ടോപ്പ് സെല്ലിങ്ങ് കാറുകളുടെ പട്ടികയിലേക്കും അമേസ് എത്തിയിട്ടുണ്ട്. 2013 ഏപ്രിലില്‍ അവതരിപ്പിച്ച ശേഷം 2018 മാര്‍ച്ച് വരെ ഈ മോഡലിന്റെ 2.6 ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചെന്നാണ് കണക്കുകള്‍. തുടര്‍ന്ന് 2018 മേയ് മാസത്തില്‍ അവതരിപ്പിച്ച രണ്ടാം തലമുറയുടെ 1.4 ലക്ഷം യൂണിറ്റുകളും ഇതുവരെ വിറ്റഴിച്ചുവെന്ന് കമ്പനി പറയുന്നു. ഇതിലെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് മികച്ച വില്‍പ്പന

അമേസ് വിൽപനയിൽ 44 ശതമാനത്തോളം വൻനഗരങ്ങളുടെ സംഭാവനയാണെന്നാണു ഹോണ്ടയുടെ കണക്ക്. അവശേഷിക്കുന്ന 56% രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിൽ നിന്നു ലഭിച്ചതാണ്. ഒപ്പം അമേസിന്റെ ഓട്ടമാറ്റിക് പതിപ്പിനോടുള്ള പ്രിയമേറുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യ തലമുറ അമേയ്സ് വിൽപനയിൽ 10 ശതമാനത്തിൽ താഴെ മാത്രമായിരുന്നു സി വി ടി പതിപ്പിന്റെ വിഹിതം.

എന്നാൽ പുതിയ മോഡലിന്റെ വിൽപനയിൽ 20 ശതമാനത്തോളം ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള കാറുകളാണ്. 2020 ഫെബ്രുവരിയിലാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. ബിഎസ് 6 പാലിച്ചപ്പോഴും വാഹനത്തിന്‍റെ എന്‍ജിന്‍ സ്‌പെസിഫിക്കേഷനുകളില്‍ മാറ്റം വരുത്തിയിരുന്നില്ല

Facebook Comments Box

By admin

Related Post