സർക്കാർ ജീവനക്കാർക്ക് പൂട്ടിടാൻ സർക്കാർ;9.15 നെങ്കിലും ഡ്യൂട്ടിക്കെത്തണം, വൈകിയാല്‍ ഹാഫ് ഡേ ലീവ് .
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യ സമയത്ത് ഡ്യൂട്ടിക്കെത്തിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാർ .
രാവിലെ 9:15-ന് മുമ്പ് എല്ലാ ജീവനക്കാരും ജോലിക്ക് എത്തണം എന്ന് കേന്ദ്രം പുറപ്പെടുവിച്ച നോട്ടീസില്‍ നിര്‍ദേശിക്കുന്നു. 9 മണിക്കാണ് ഡ്യൂട്ടി എന്നിരിക്കെ 15 മിനിറ്റ് ഗ്രേസ് പിരീഡായി അനുവദിക്കും. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പ്രവര്‍ത്തിക്കും.
9.15 ന് ശേഷം വൈകി വരുന്നവര്‍ക്ക് ഹാഫ് ഡേ അവധി രേഖപ്പെടുത്തും എന്നും നോട്ടീസില്‍ പറയുന്നുണ്ട്. ആധാര്‍ പ്രവര്‍ത്തനക്ഷമമാക്കിയ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് രാവിലെ 9:15 ന് ഓഫീസുകളില്‍ എത്താനും ഹാജര്‍ രേഖപ്പെടുത്താനും ജീവനക്കാരോട് നിര്‍ദ്ദേശിച്ച് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പതിവായി വൈകി വരുന്നതും ഓഫീസില്‍ നിന്ന് നേരത്തെ പോകുന്നതും ഗൗരവമായി കാണുകയും നിരുത്സാഹപ്പെടുത്തുകയും വേണം. ഇതിനെതിരെ നടപടിയെടുക്കാം എന്നും സര്‍ക്കുലറില്‍ പറയുന്നു. കൊവിഡ് മഹാമാരി കാരണം ആധാര്‍ പ്രവര്‍ത്തനക്ഷമമാക്കിയ ബയോമെട്രിക് ഹാജര്‍ സംവിധാനത്തിന്റെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ബയോമെട്രിക് സേവനങ്ങള്‍ ഉപയോഗിച്ച് പുനരാരംഭിക്കുന്നതിനുള്ള ഉത്തരവ് ആദ്യമായി പുറപ്പെടുവിച്ചത് 2022 ലാണ്.
അതേസമയം അവധി സംബന്ധിച്ച് ജീവനക്കാര്‍ മുന്‍കൂട്ടി അറിയിക്കണം എന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ഒരു നിശ്ചിത ദിവസം ഓഫീസില്‍ ഹാജരാകാന്‍ കഴിയുന്നില്ലെങ്കില്‍ മുന്‍കൂട്ടി അറിയിക്കാന്‍ സര്‍ക്കുലര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഒരു കാഷ്വല്‍ ലീവ് അപേക്ഷ സമര്‍പ്പിക്കണം. കൊവിഡ് മഹാമാരി പരമ്ബരാഗത മാനദണ്ഡങ്ങളില്‍ നിന്ന് മാറി തൊഴില്‍ സംസ്‌കാരത്തെ ഗണ്യമായി പുനര്‍നിര്‍മ്മിച്ചിരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ബന്ധിതമാക്കിയ വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജീവനക്കാര്‍ വാദിക്കുന്നു. പല കമ്ബനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തുടരുന്നുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ വര്‍ക്ക് ഫ്രം ഓഫീസാണ് മികച്ചത് എന്നാണ് അഭിപ്രായപ്പെടുന്നത്.
അടുത്തിടെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് പോലുള്ള ചില ഐടി സ്ഥാപനങ്ങള്‍, കൂടുതല്‍ സ്ഥിരമായ ഹാജര്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഓഫീസ് ഹാജര്‍ വേരിയബിള്‍ പേ ഇന്‍സെന്റീവുകളുമായി ബന്ധിപ്പിച്ചിരുന്നു. അതിനിടെ, ഓഫീസിലെ ഹാജര്‍ നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.