‘വെള്ളാപ്പള്ളിയുടെ ഭാര്യ ആലപ്പുഴയില്‍ നേരിട്ട് ബിജെപിക്ക് വേണ്ടി പ്രചരണം നടത്തി’; ആരോപണവുമായി എംവി ഗോവിന്ദൻ
പത്തനംതിട്ട: എസ്‌എൻഡിപിക്ക് എതിരായ വിമർശനം കടുപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്‌എൻഡിപിയും വെള്ളാപ്പള്ളിയും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു എന്ന ആരോപണം ആവർത്തിച്ച എംവി ഗോവിന്ദൻ അവരുടെ വർഗീയ നിലപാടിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ആലപ്പുഴ മണ്ഡലത്തിലെ സിപിഎം പരാജയത്തില്‍ എസ്‌എൻഡിപിയുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്ന ആരോപണങ്ങളും അദ്ദേഹം നടത്തുകയുണ്ടായി. വെള്ളാപ്പള്ളി നടേശന്റെ ഭാര്യ ആലപ്പുഴയില്‍ ബിജെപിക്ക് വേണ്ടി നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയെന്നാണ് ഗോവിന്ദൻ ആരോപിക്കുന്നത്. എസ്‌എൻഡിപിയെ ഹിന്ദുത്വവല്‍ക്കരിക്കുന്നു എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടികാണിക്കുന്നു.
‘വർണ്ണമില്ലാത്ത എസ്‌എൻഡിപി പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോവുന്നു. ആലപ്പുഴയില്‍ വെള്ളാപ്പള്ളി നടേശന്റെ ഭാര്യ നേരിട്ട് ബിജെപിക്കായി പ്രചരണം നടത്തി. എസ്‌എൻഡിപി എല്ലാക്കാലവും പാർട്ടിയുടെ ശക്തിയായിരുന്നു. അവരുടെ വർഗീയ നിലപാടിനെ ചെറുത്തു തോല്‍പിക്കണം’ എംവി ഗോവിന്ദൻ പറയുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസവും വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിനെതിരെയും ഇടത് മുന്നണിക്ക് എതിരെയും ശക്തമായ വിമർശനം നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈഴവ സമുദായത്തിന്റെ വോട്ട് കിട്ടിയില്ലെന്ന് എല്‍ഡിഎഫ് നേതാക്കളെക്കൊണ്ട് പറയിപ്പിക്കാനായത് അഭിമാനകരമാണെന്ന് ആയിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
സര്‍ക്കാര്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാതിരുന്നതാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. ജനങ്ങളെ മറന്ന് പലസ്‌തീന്‍കാര്‍ക്ക് ജയ് വിളിക്കാന്‍ പോയതും പ്രശ്‌നമായി. ന്യൂനപക്ഷമാണ് നാട്ടിലെ സമ്ബത്ത് കൈയടക്കി വച്ചിരിക്കുന്നത്. ഈ സത്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഒരു വിഭാഗം തന്നെ ക്രൂശിക്കാന്‍ ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് എംവി ഗോവിന്ദന്റെ പ്രതികരണം.
അതേസമയം, വെള്ളാപ്പള്ളിക്ക് എതിരെ മാത്രമല്ല കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും എംവി ഗോവിന്ദൻ ആഞ്ഞടിച്ചു. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ലീഗ്, എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണ് യുഡിഫ് ജയത്തിന് കാരണമെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇത് ആപത്ത് ഉണ്ടാക്കുമെന്നും അദ്ദേഹത്തെ പറയുകയുണ്ടായി.
തൃശൂരില്‍ കോണ്‍ഗ്രസ് വോട്ട് കൊണ്ടാണ് ബിജെപി ജയിച്ചതെന്ന ആരോപണവും ഗോവിന്ദൻ ഉന്നയിച്ചു. സിപിഎം വോട്ടുകള്‍ ബിജെപിക്ക് കിട്ടിയെന്നതും അദ്ദേഹം തുറന്ന് സമ്മതിച്ചു. കോണ്‍ഗ്രസിന്റെ 86000ത്തില്‍ അധികം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. കുറച്ച് പാർട്ടി വോട്ടുകളും ബിജെപിയിലേക്ക് പോയിട്ടുണ്ട്. എങ്കിലും കോണ്‍ഗ്രസിന്റെ ചെലവിലാണ് ബിജെപിയുടെ ജയം; എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.